ന്യൂദൽഹി: പ്രശസ്ത നടിയും ഗായികയുമായ ബിദിഷ ബെസ്ബറൂഹയെ സ്വന്തം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുഗ്രാമിലെ സുഷാന്ത് ലോക് റെസിഡന്‍സ് ഏരിയയിലെ വാടക ഫ്ലാറ്റിലാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗുവാഹത്തിയിലെ ഉസാൻ ബസാർ സ്വദേശിയായ ബിദിഷ ആസാമിലെ അറിയപ്പെടുന്ന ഗായികയാണ്. അടുത്തിടെ പുറത്തിറങ്ങിയ രൺബീർ കപൂർ ചിത്രമായ ജഗാ ജാസൂസിലും താരം മുഖം കാണിച്ചിരുന്നു. അസം സ്വദേശിയായ ഇവര്‍ മിനി സ്ക്രീനിലൂടെയാണ് പ്രശസ്തയായത്. നിരവധി സ്റ്റേജ് ഷോകളിലും ബിദിഷ അവതാരകയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ബിദിഷയുടെ മരണകാരണത്തെ പറ്റി ഇതുവരെ വ്യക്തതയില്ല. എന്നാൽ താരത്തിനെ ആത്മഹത്യ ചെയ്യാൻ ഭർത്താവ് പ്രേരിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. താരത്തിന്റെ വൈവാഹിക ജീവിതത്തിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. തന്റെ ഭർത്താവിന്റെ ചില അവിഹിത ബന്ധങ്ങളെക്കുറിച്ച് താരം മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നതായും വിവരമുണ്ട്. പോലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തി വരികയാണ്.
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ താരത്തിന്റെ ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇയാളെ കൂടുതൽ ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
















