കണ്ണൂര്‍: ജില്ലയില്‍ പതിനെട്ടു ദിവസമായി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്തി വരുന്ന സമരം നേരിടാന്‍ നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്ത്. ജില്ലയിലെ എല്ലാ നഴ്സിംഗ് കോളേജുകളും സ്കൂളുകളും അധ്യയനം നിര്‍ത്തണമെന്നും സ്വകാര്യ ആശുപത്രി നഴ്സുമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ ആശുപത്രികളില്‍ നിയമിക്കണമെന്നുമാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉത്തരവിറക്കിയിരിക്കുന്നത്.
ഇന്നു മുതല്‍ അഞ്ച് ദിവസത്തേക്ക് ജില്ലയിലെ നഴ്സിംഗ് കോളജുകളിലെ ഒന്നാം വര്‍ഷ വിദ്യാര്ത്ഥികളൊഴിച്ചുള്ള വിദ്യാര്‍ത്ഥികളെ സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് നിയമിക്കാനാണ് ഉത്തരവ്. ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സമുണ്ടാകുന്നത് തടയാന്‍ ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രയോഗിക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നഴ്സുമാര്‍ നടത്തുന്ന സമരം ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് ഇതു സംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ ഒന്‍പത് സ്വകാര്യ ആശുപത്രികളിലാണ് സമരം തുടരുന്നത്.
ദിവസം 150 രൂപ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഫലം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പോലീസ് വാഹന സൗകര്യം നല്‍കണം. ജോലിക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.
ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ഐപിസിസി, പിസി വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ചികിത്സയെക്കുറിച്ചും പരിശോധനയെക്കുറിച്ചും പ്രായോഗിക അറിവില്ലാത്ത വിദ്യാര്‍ത്ഥികളെ നഴ്സുമാരായി ജോലി ചെയ്യിക്കുന്നത് അപകടം വിളിച്ചു വരുത്തലാകുമോയെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. നഴ്സുമാരുടെ അവകാശസമരം അടിച്ചമര്‍ത്താനാണ് ജില്ലാ ഭരണകൂടം ഉത്തരവിലൂടെ ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി നേരിടുമെന്നും ഇവര്‍ പറഞ്ഞു.
സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാമെന്ന് മാനേജുമെന്റുകള്‍
കൊച്ചി: നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍. 17,200 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം. നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മാനേജ്മെന്റ് തീരുമാനം അറിയിച്ചത്. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തുടര്‍ നടപടികള്‍ക്ക് മാനേജ്മെന്റുകളുടെ കര്‍മസമിതി രൂപീകരിച്ചു.
20,000 രൂപ കുറഞ്ഞ വേതനമായി നിശ്ചയിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അടിയന്തര സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുകയാണെന്നും മാനേജ്മെന്റ് പറഞ്ഞു. തുടര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നും ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ചര്‍ച്ച വ്യാഴാഴ്ച
തിരുവനന്തപുരം: നഴ്സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തും. വ്യാഴാഴ്ച വൈകിട്ട് നാലിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചര്‍ച്ചയില്‍ നഴ്സുമാരുടെ സംഘടനാ പ്രതിനിധികളും ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുക്കും. അതിനു മുന്‍പ് ബുധനാഴ്ച മാനേജ്മെന്റ് പ്രതിനിധികളും നഴ്സിങ്ങ് പ്രതിനിധികളുമായുള്ള അനുരഞ്ജന ചല്ര്ച്ചയും നടക്കും.
കളക്ടറുടെ ഉത്തരവ് നിയമവിരുദ്ധമെന്ന് സംഘടനകള്‍
കോഴിക്കോട്: നഴ്സുമാരുടെ സമരം നേരിടാന്‍ രോഗികളെയും നഴ്സിങ് വിദ്യാര്‍ത്ഥികളെയും ബലിയാടാക്കരുതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷനും (യുഎന്‍എസ്എ) യുണൈറ്റഡ് നഴ്സസ് പാരന്റ്സ് അസോസിയേഷനും(യുഎന്‍പിഎ) സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് യുണൈറ്റഡ് നഴ്സസ് ഫാക്കല്‍റ്റി അസോസിയേഷനും (യുഎന്‍എഫ്എ) ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായി ജോലിക്ക് കയറുന്നവരുടെ ഭാവിയാവും പിന്നീട് അവതാളത്തിലാവുകയെന്ന് യുഎന്‍എസ്എ സംസ്ഥാന പ്രസിഡന്റ് എം.യു. വിഷ്ണുവും ജനറല്‍ സെക്രട്ടറി സി.പി. ആഷികും പറഞ്ഞു. പരിശീലനവും രജിസ്ട്രേഷനും പൂര്‍ത്തിയാവാത്ത തങ്ങളുടെ മക്കളെ ജോലിക്ക് നിയോഗിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് യുഎന്‍പിഎ ഭാരവാഹികളും പറഞ്ഞു.
രജിസ്ട്രേഷന് പൂര്‍ത്തിയാവാത്ത നഴ്സിങ് വിദ്യാര്‍ത്ഥികളെ ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിച്ച് രോഗികളുടെ ജീവന് വിലകല്പിക്കണമെന്ന് യുഎന്‍എയുടെ അധ്യാപക വിഭാഗമായ യുഎന്‍എഫ്എ സംസ്ഥാന പ്രസിഡന്റ് ജിബിന്‍ എസ.് ബാബു, ജനറല്‍ സെക്രട്ടറി ബി. അസീം എന്നിവരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: