തലപ്പുഴ: തവിഞ്ഞാല്‍ പഞ്ചായത്തിലെ 43വാളാട്കുഞ്ഞോം എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതിനായി കോടികള്‍ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡ് ഉപയോഗിച്ച് ദിവസങ്ങള്‍ക്കകം അപകട ഭീഷണിയില്‍. റോഡിന്റെ വശങ്ങള് ഇടിയുകയും ഏത് നിമിഷവും റോഡ് മുഴുവനായി തകരുന്ന അവസ്ഥയിലായിരിക്കുകയുമാണ്. പരമ്പരാഗത റോഡ് നിര്‍മ്മാണരീതികളില്‍ നിന്നും മാറി നൂതനആശയമായ വെറ്റ് മിക്സ് മെക്കാഡം സാങ്കേതികത അവലംബിച്ച് നിര്‍മ്മിച്ച റോഡാണ് തകര്‍ന്നിരിക്കുന്നത്
നാല്‍പ്പത്തിമൂന്ന് മുതല്‍ വാളാട് വരെയുള്ള റോഡിന്റെ വെണ്മണിക്കടുത്ത കണ്ണോത്ത് മല ഭാഗത്താണ് അരിക് ഇടിഞ്ഞ് അപകടഭീഷണി ഉയരുന്നത്. ഒരുഭാഗത്ത് ഗര്ത്തമുള്ളതിനാല് ആ വശത്തേക്ക് റോഡില്‍ വിള്ളല്‍ വീണ് റോഡ് നിരങ്ങിപോകുന്ന അവസ്ഥയിലാണുള്ളത്. വര്‍ഷങ്ങളായി ഉപയോഗീച്ചുവന്നിരുന്ന ഈ റോഡിന് 8 മീറ്റര്‍ വീതിയാണുണ്ടായിരുന്നത്. എന്നാല്‍ വാളാട് വരെ റോഡിന് വീതികൂട്ടി ലെവലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പ്രസ്തുത റോഡിന്റെ വീതി 10 മീറ്ററാക്കി പുനക്രമീകരിക്കുകയും ഒമ്പത് കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.
റോഡിന് വീതി കൂട്ടൂന്നതിന്റെ ഭാഗമായി പ്രദേശവാസികളുടെ മതിലുകള്‍ ഇടിക്കുകയും മറ്റും ചെയ്തിരുന്നു. തുടര്‍ന്ന് നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടങ്ങളില്‍ ഉയര്‍ന്ന ഗുണമേന്മ അവകാശപ്പെടുന്ന വെറ്റ് മിക്സ് മെക്കാഡം ടെക്നോളജി പ്രകാരമാണ് റോഡ് പണി ആരംഭിച്ചത്. എന്നാല്‍ നിര്‍മ്മാണവേളയില്‍ ഈ സാങ്കേതികവിദ്യ പ്രകാരമുള്ള കല്ല്,മണല്‍ ആനുപാതത്തില്‍ വീഴ്ചവരുത്തിയതായി ആരോപണമുയര്‍ന്നിരുന്നു. എന്തുതന്നെയായാലും ദിവസങ്ങള്‍ക്ക് മുമ്പ് റോഡ് പണിപൂര്‍ത്തിയാകുകയും ഗതാഗതത്തിന് വിട്ടുനല്‍കുകയും ചെയ്തു. പക്ഷേ ഒന്ന് രണ്ട് മഴ പെയ്തപ്പോഴേക്കും റോഡിന്റെ അവസ്ഥ പരിതാപകരമായിരിക്കുകയാണ്.
കണ്ണോത്ത്മല ഭാഗത്ത് റോഡ് ഇടിഞ്ഞപ്പോള്‍ കാട്ടിമൂല ഭാഗത്ത് റോഡില്‍ ഗട്ടറുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. എന്നാല്‍ കാട്ടിമൂല മൂതല്‍ വാളാട് വരെയുള്ള ഭാഗത്തൊന്നും റോഡിന് പ്രശ്നങ്ങളൊന്നുമില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. പഴയ റോഡ് ഇളക്കിമാറ്റി പുതിയ സംവിധാനം പരീക്ഷിച്ചിരിക്കുന്ന ഭാഗങ്ങളിലാണ് ഇത്തരം വിളളലുകള്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു. എന്തുതന്നെയായാലും മഴക്കാലം ശക്തിപ്രാപിച്ചാല്‍ റോഡിന്റെ ഗതിയെന്താവുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: