കോഴിക്കോട്: എന്താ കുറുപ്പ് ആടുന്നുണ്ടോ..ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ചോദ്യം. കച്ചേരിക്കിടയിലാണ് മുന്‍നിരയിലിരിക്കുന്ന കഥകളി ആശാന്‍ ഗുരു കുഞ്ചുക്കുറുപ്പിനോട് സംഗീതാചാര്യന്റെ ചോദ്യം. കോഴിക്കോട്ടെ കലാസദസ്സുകളെ ഓര്‍മ്മിച്ചെടുത്തുകൊണ്ട് മലയാളിയുടെ പ്രിയപ്പെട്ട കലാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍. സാഹിത്യപ്രവര്‍ത്തകനും വ്യവസായിയുമായ വി.അബ്ദുള്ളയുടെ അനുസ്മരണത്തോടനുബന്ധിച്ച് പരിഭാഷയ്‌ക്കുള്ള പുരസ്‌കാരം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ കലാസമിതി സംഘടിപ്പിച്ച പരിപാടിയിലാണ് കച്ചേരിയുടെ ആചാരോപചാരങ്ങള്‍ ലംഘിച്ച് കുഞ്ചുക്കുറുപ്പിനോട് ചെമ്പൈ കുശലം ചോദിച്ചതെന്ന് എം.ടി. പറഞ്ഞു.
കുഞ്ഞബ്ദുള്ളയും മുല്ലവീട്ടില്‍ അബ്ദുറഹിമാനും കെ.പി. രാമന്‍നായരും അടക്കമുള്ള കലാസാമൂഹ്യ പ്രവര്‍ത്തകര്‍ മലബാര്‍ നാടകോത്സവം സംഘടിപ്പിക്കുന്നതിനും മലബാര്‍ കലാസമിതിയുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പ്രധാനികളായിരുന്നു എന്ന് എം.ടി. പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിനെ കോഴിക്കോട്ടേക്ക് ക്ഷണിച്ചുവരുത്തി ന്റുപ്പുപ്പാക്കൊരാനണ്ടാര്‍ന്നു നാടകമായി അവതരിപ്പിച്ചത് മലബാര്‍ കലാസമിതിയാണ്. സാഹിത്യരംഗത്തെ ഗുരുസ്ഥാനീയനായി ബഷീര്‍ പിന്നീട് മാറി. നാടക ചര്‍ച്ചകളും പ്രമുഖരുടെ നാടകങ്ങളും കോഴിക്കോട്ട് അരങ്ങേറി.
വ്യവസായിയായിരുന്ന വി. കുഞ്ഞബ്ദുള്ള ഓറിയന്റല്‍ ലോങ്‌മെന്‍ എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഡയറക്ടറായി മാറിയതോടെ പല മലയാളകൃതികളും പരിഭാഷപ്പെടുത്താനിടവന്നു. പ്രാദേശിക ഭാഷകളില്‍ നിന്നും ഇംഗ്ലീഷിലേക്ക് കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെടണം. ഇക്കാലത്ത് അതിന് വളരെയധികം പ്രാധാന്യമുണ്ട്. മലയാളത്തിന്റെ കാമ്പുള്ള കൃതികളെ പുറത്തെത്തിക്കാന്‍ കഴിയണം. അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ കലാപ്രവര്‍ത്തനത്തിലെ പ്രമുഖനായ അബ്ദുള്ളയുടെ ചിത്രം ടൗണ്‍ഹാളില്‍ സ്ഥാപിക്കണം. കോഴിക്കോട്ടുകാര്‍ക്ക് പേര് പോലും അറിയാത്ത നിരവധി ആളുകളുടെ ചിത്രം ടൗണ്‍ഹാളില്‍ ഉണ്ടെങ്കിലും അബ്ദുള്ളയുടെ ചിത്രം അവിടെയില്ലെന്നത് കുറവാണ്. അദ്ദേഹം പറഞ്ഞു.
യു.എ. ഖാദര്‍ വി. അബ്ദുള്ള അനുസ്മരണ പ്രഭാഷണം നടത്തി. കെ.ടി.സി. അബ്ദുള്ള, ലൈല കമാലുദ്ദീന്‍, സംഗീത നായര്‍, ഉമ്മി അബ്ദുള്ള, നാസ്‌നീന്‍ ജലാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
സുഭാഷ് ചന്ദ്രന്‍ നോവലിനെക്കുറിച്ചും ഡോ. ഫാത്തിമ ഇ.വി പരിഭാഷ അനുഭവങ്ങളെ കുറിച്ചും പങ്കുവെച്ചു. സുഭാഷ് ചന്ദ്രന്റെ മനുഷ്യനൊരാമുഖം എ പ്രിഫൈസ് ടു മാന്‍ എന്ന പേരില്‍ പരിഭാഷപ്പെടുത്തിയ ഡോ. ഫാത്തിമ ഇ.വിക്കാണ് പുരസ്‌കാരവും നല്‍കിയത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: