ഇരവിപുരം: റേഷന്‍ സാമഗ്രികള്‍ പൂഴ്ത്തിവെച്ച് മറിച്ചുവില്‍ക്കുന്നത് ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചെത്തി പിടികൂടി. ഉമയനല്ലൂര്‍ കോവൂര്ച്ചിറയിലാണ് സംഭവം. നൂറുകണക്കിന് ചാക്കില്‍ നിറച്ച റേഷന്‍ ധാന്യങ്ങളാണ് പിടികൂടിയത്.
റേഷന്‍ സാധനങ്ങള്‍ വാടകവീട്ടില്‍ സംഭരിച്ച് മറിച്ച് വില്‍ക്കുന്നതാണ് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. അരി. ഗോതമ്പ്, പച്ചരി, എന്നിവ ചണച്ചാക്കില്‍ നിന്ന്—പ്ലാസ്റ്റിക്ക് ചാക്കിലേക്ക് മാറ്റി സ്വകാര്യ മില്ലുകളിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിലാണ് സംഭവം. ഉനൈസ് എന്ന മുഹമ്മദ് ഫിറോസാണ് ഗോഡൗണ്‍ വാടകയ്ക്ക് എടുത്തിരുന്നത്.
സാധനങ്ങള്‍ മറിച്ചുവില്‍ക്കാനുള്ള നീക്കം മനസ്സിലായതോടെ രാത്രിതന്നെ ബിജെപി നേതാക്കള്‍ സ്ഥലത്തെത്തി തടയുകയായിരുന്നു. രാത്രി മുഴുവന്‍ ഉപരോധം തീര്‍ത്ത പ്രവര്‍ത്തകര്‍ രാവിലെ ഉദ്യോഗസ്ഥരെത്തി നടപടി പൂര്‍ത്തീകരിച്ചതിന് ശേഷമാണ് മടങ്ങിയത്. സപ്ലൈകോ ഗോഡൗണുകളില്‍ നിന്ന് റേഷന്‍ കടകളിലേക്ക് വിതരണത്തിന് എത്തിച്ച അരിയും സാധനങ്ങളുമാണ് സ്വകാര്യവ്യക്തിയുടെ ഗോഡൗണില്‍ എത്തിച്ചത്.
ചണച്ചാക്കിലും പ്ലാസ്റ്റിക്ക് ചാക്കിലും വെവ്വേറെ നിറച്ചിരുന്ന സാധനങ്ങളാണ് പിടിച്ചെടുത്തത്. 102 ചാക്ക് പുഴുക്കലരി, 43 ചാക്ക് പച്ചരി, 34 ചാക്ക് ഗോതമ്പ്, 50 കിലോ വീതം വരുന്ന പ്ലാസ്റ്റിക്ക് ചാക്കുകളിലായി 104 ചാക്ക് പുഴുക്കലരി, 70 ചാക്ക് പച്ചരി എന്നിവയാണ് പിടിച്ചെടുത്തത്. താലൂക്ക് സപ്ലൈ ഓഫീസര്‍ പി. മുരളീധരന്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ. ശങ്കരനാരായണന്, കെ.ഐ. ശ്രീകുമാര്‍, ടി. മണികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സ്ഥലത്തെത്തിയത്.
ബിജെപി മയ്യനാട് പഞ്ചായത്ത് സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് റേഷന്‍ പൂഴ്ത്തിവെയ്പ് പിടികൂടിയത്. റേഷന്‍ കടകളില്‍ ഉടനടി ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ച് സാധനങ്ങള്‍ ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് എ.ജി ശ്രീകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: