കൊച്ചി: യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് ജനതാദള്‍(യു)വിന്റെ ഇടത് മുന്നണിയിലേക്കുള്ള ചുവടുവയ്പ് ജനതാദള്‍ ‘എസി’നെ പിളര്‍ത്തും.
വീരേന്ദ്രകുമാറിനൊപ്പം ചേരാന്‍ ‘എസി’ലെ രണ്ട് എംഎല്‍എമാര്‍ തയ്യാറായിട്ടുണ്ട്. ജനതാദള്‍-എസ് സംസ്ഥാന അധ്യക്ഷന്‍ കെ. കൃഷ്ണന്‍കുട്ടി എംഎല്‍എ, പാര്‍ലമെന്ററി ബോര്‍ഡ് അംഗം സി.കെ.നാണു എന്നിവരുമായി വീരേന്ദ്രകുമാര്‍ രഹസ്യ ചര്‍ച്ച നടത്തിയതായി പറയുന്നു.
വീരേന്ദ്രകുമാറിനൊപ്പം കൃഷ്ണന്‍കുട്ടിയും നാണുവും ചേര്‍ന്നാല്‍ ഒരാള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാമെന്ന് സിപിഎം വീരേന്ദ്രകുമാറിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കൃഷ്ണന്‍കുട്ടിയുടെയും നാണുവിന്റെയും നീക്കം ജനതാദള്‍ എസിനെ പ്രതിസന്ധിയിലാക്കും. ഈ മാസം 17, 18 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ‘എസി’ന്റെ നിര്‍വാഹകസമിതി യോഗത്തില്‍ ഇത് ചര്‍ച്ചയാകും.
‘എസി’ല്‍ നിന്നാല്‍ മന്ത്രിയാകാന്‍ കഴിയില്ലെന്ന് കൃഷ്ണന്‍കുട്ടിക്കും നാണുവിനും ഉറപ്പായി. നേരത്തെ കൃഷ്ണന്‍കുട്ടി മന്ത്രിസ്ഥാനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ദേശീയ അധ്യക്ഷന്‍ ദേവഗൗഡ മാത്യു ടി. തോമസിനെ മന്ത്രിയാക്കാനാണ് താല്‍പ്പര്യം കാണിച്ചത്. ഒറ്റ എംഎല്‍എ പോലും ഇല്ലാത്ത ജെഡിയുവിന് രണ്ട് എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് രാഷ്ട്രീയ നേട്ടമാകുകയും ചെയ്യും. കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാനും നാണുവിന് പാര്‍ട്ടി നേതൃസ്ഥാനം നല്‍കാനുമാണ് ഏകദേശധാരണ. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വീരേന്ദ്രകുമാര്‍ നേതൃത്വസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകില്ല.
2009ല്‍ പാര്‍ട്ടി പിളര്‍ത്തി യുഡിഎഫിലേക്ക് പോയ വീരേന്ദ്രകുമാര്‍ അന്ന് എടുത്ത നിലപാട് തെറ്റായിരുന്നുവെന്ന് പരസ്യമായി സമ്മതിക്കണമെന്ന് മാത്രമാണ് സിപിഎമ്മിന്റെ നിലപാട്. യുഡിഎഫിന്റെ പിന്തുണയോടെ വിജയിച്ച രാജ്യസഭാ എംപി സ്ഥാനം വീരേന്ദ്രകുമാര്‍ രാജിവച്ചേക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും രാജിയെന്നാണ് സൂചന.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യില്ലെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജെഡിയുവിന്റെ ദേശീയ നേതാവ് നിതീഷ് കുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അനുകൂലവുമാണ്. എന്‍ഡിഎയെ എതിര്‍ക്കുന്നതിലൂടെ ഒരു ആദര്‍ശപരിവേഷം നല്കി വീരേന്ദ്രകുമാറിനെ ഇടതുമുന്നണിയിലേക്ക് എത്തിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. വീരേന്ദ്രകുമാര്‍ രാജ്യസഭാ സീറ്റ് രാജിവച്ചാലും വീണ്ടും രാജ്യസഭയില്‍ എത്തിക്കാമെന്ന് സിപിഎം ഉറപ്പ് കൊടുത്തിട്ടുണ്ട്.
ഒരു ഒഴിവില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് വന്നാല്‍ വീരേന്ദ്രകുമാറിനെ വിജയിപ്പിക്കാന്‍ സിപിഎമ്മിന് ബുദ്ധിമുട്ടാകില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ശ്രേയാംസ് കുമാറിന് നല്‍കാമെന്നും സിപിഎം ഉറപ്പ് നല്‍കിയിട്ടുണ്ട്.
വീരേന്ദ്രകുമാറിനെ ഇടത് മുന്നണിയില്‍ എടുക്കുന്നതില്‍ മാത്യു ടി. തോമസിന് എതിര്‍പ്പാണ്. ദേശീയ സെക്രട്ടറി നീലലോഹിതദാസന്‍ നാടാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാത്യു ടി. തോമസിന് ഒപ്പമാണ്. വീരേന്ദ്രകുമാറിനെ ഇടത് മുന്നണിയില്‍ എടുക്കുന്നതിന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പാണ്. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയല്ല സിപിഎമ്മിന്റെ ലക്ഷ്യം, പത്രവും ചാനലുമാണ്.
ജെഡിയു വിലപേശലിന്
കോഴിക്കോട്: ജെഡിയു വീരേന്ദ്രകുമാര്‍ വിഭാഗം എല്‍ഡിഎഫിലേക്ക്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഇടതുമുന്നണി വിട്ട വീരേന്ദ്രകുമാറിനെ തിരിച്ചെത്തിക്കാനുള്ള കരുനീക്കങ്ങള്‍ എല്‍ഡിഎഫ് ക്യാമ്പിലും ആരംഭിച്ചിട്ടുണ്ട്. അധികാരത്തിന്റെ പിന്‍ബലമില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലയിലാണ് വീരേന്ദ്രകുമാറും ശ്രേയാംസ്കുമാറും നയിക്കുന്ന വിഭാഗം. എന്നാല്‍ നേതാക്കളുടെ സ്വാര്‍ത്ഥലാഭത്തിന് പാര്‍ട്ടിയെ കുരുതി കൊടുക്കരുതെന്നാണ് വീരേന്ദ്രകുമാര്‍ വിരുദ്ധ വിഭാഗത്തിന്റെ നിലപാട്.
യുഡിഎഫിലെത്തിയ വീരേന്ദ്രകുമാര്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലാണ്. പാലക്കാട് ലോക്സഭാ സീറ്റില്‍ ഉണ്ടായ പരാജയത്തിന് കാരണം കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന് ജെഡിയു കണക്കുകൂട്ടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നണി മാറാന്‍ നീക്കങ്ങള്‍ നടന്നെങ്കിലും യുഡിഎഫില്‍ തുടര്‍ന്നത് മുന്‍ മന്ത്രി കെ.പി. മോഹനന്റെയും മനയത്ത് ചന്ദ്രന്റെയും സമ്മര്‍ദത്തെ തുടര്‍ന്നാണ്.
എല്‍ഡിഎഫിലേക്ക് അടുക്കാനുള്ള വീരേന്ദ്രകുമാറിന്റെ ഇപ്പോഴത്തെ നീക്കവും കോഴിക്കോട് ജില്ലാ കമ്മിറ്റി എതിര്‍ക്കുകയാണ്. ഈ എതിര്‍പ്പിനെ മറികടന്ന് മുന്നണി മാറ്റത്തിന് ശ്രമിച്ചാല്‍ പാര്‍ട്ടി പിളര്‍പ്പിനെ നേരിടാനുളള സാധ്യതയുണ്ട്. മുന്നണി മാറ്റത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന വിഭാഗതത്തെ തള്ളി തീരുമാനമെടുക്കാനും കഴിയാത്ത അവസ്ഥയിലാണ് വീരേന്ദ്രകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: