തിരുവനന്തപുരം: കേരളത്തില്‍ നിന്നും കോഴിയെ അന്യസംസ്ഥാനങ്ങളിലേക്കു കടത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കോഴികളെ കടത്തുന്നത് നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജിഎസ്‌ടി നിലവില്‍ വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കോഴിവില കുറഞ്ഞിരുന്നു. തിങ്കളാഴ്ച മുതല്‍ ഇറച്ചിക്കോഴി കിലോഗ്രാമിന് 87 രൂപയ്‌ക്ക് വില്പന നടത്തണമെന്നും ധനമന്ത്രി വ്യാപാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിച്ച് കോഴി വ്യാപാരികള്‍ തമിഴ്നാട്ടിലേക്കു കോഴികളെ കടത്തിയിരുന്നു. കേരളത്തിലെ ഫാമുകളില്‍ വളര്‍ത്തുന്ന കോഴികളെ തമിഴ്നാട്ടിലേയ്‌ക്ക് കടത്തി ഉയര്‍ന്ന വിലയ്‌ക്ക് വില്പന നടത്തുകയാണ് വ്യാപാരികള്‍ ചെയ്യുന്നത്.
പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ചില ഫാമുകളില്‍ നിന്നാണ് കോഴികളെ കഴിഞ്ഞ രാത്രി ലോറികളില്‍ കടത്തിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കര്‍ശന നിര്‍ദേശവുമായി ധനമന്ത്രി രംഗത്ത് എത്തിയത്.
















