ന്യൂദൽഹി: എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകളിൽ മാംസ, മത്സ്യ വിഭവങ്ങൾക്കു നിയന്ത്രണം. ആഭ്യന്തര സർവീസുകളിൽ കോഴി വിഭവങ്ങൾ ഇനി മുതൽ ബിസിനസ് ക്ലാസിൽ മാത്രമായിരിക്കും ലഭിക്കുക. ഇക്കോണമിക്ക് ക്ലാസ് യാത്രക്കാർക്ക് സസ്യഭക്ഷണം മാത്രമായി ചുരുക്കി.
മാംസ, മത്സ്യ വിഭവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ചെലവുചുരുക്കലിന്റെയും മാലിന്യ സംസ്കരണത്തിന്റെയും ഭാഗമായി ആണെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. കൂടാതെ മാംസാഹാരം കഴിക്കുന്നവരും അല്ലാത്തവരുമായി കൂടിക്കലരുന്നത് തടയാൻ കൂടിയാണ് തീരുമാനമെന്നും എയർ ഇന്ത്യ മാനേജുമെന്റ് വിശദീകരിക്കുന്നു.
തീരുമാനത്തിനെതിരെ ഒരു വിഭാഗം യാത്രക്കാർ രംഗത്തെത്തി. തീരുമാനം പുനപരിശോധിക്കണമെന്നും ഇത്തരമൊരു പരിഷ്ക്കാരം നടപ്പിലാക്കുന്നതിന് മുമ്പ് യാത്രക്കാരുടെ അഭിപ്രായം തേടണമായിരുന്നുവെന്നും വിമാന യാത്രക്കാരുടെ സംഘടന നേതാവ് മഹേഷ് റെഡി പറഞ്ഞു.
















