കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബസിര്‍ഹത്, ബദൂരിയ, ദേഗാങ്ക പ്രദേശങ്ങളിൽ ഉടലെടുത്ത കലാപങ്ങൾക്ക് കാരണം പുറത്ത് നിന്നും ബൈക്കിലെത്തിയവരാണെന്ന് പ്രദേശവാസികൾ. കലാപം നടന്ന ഭാഗങ്ങളിലെ ഹിന്ദു-മുസ്ലീം ഭേദമില്ലാതെ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞതാണ് ഈ വാക്കുകൾ. പ്രദേശത്തെ മതസൗഹാർദ്ദത്തെ തകർക്കാനായിട്ടെത്തിയവരാണ് ഇതിനു പിന്നിലെന്നും അവർ ആരോപിച്ചു.
എത്ര പേരാണ് ബൈക്കുകളിലെത്തിയതെന്ന് ഗ്രാമീണർക്ക് വ്യക്തമായി പറയാന്‍ സാധിച്ചില്ല. ‘അവര്‍ വരുന്നത് കണ്ടപ്പോഴേ ഞങ്ങളില്‍ പലരും വീടിനുള്ളില്‍ ഒളിച്ചു’ ഗ്രാമീണരില്‍ ഒരാളായ ഷാജഹാന്‍ പറഞ്ഞു. ഫെയ്സ്ബുക്കില്‍ പ്രവാചകനെതിരെ പോസ്റ്റിട്ട 17കാരനെ തേടിയാണ് അവര്‍ വന്നത്.
ഹിന്ദുവെന്നോ മുസ്ലീമെന്നോ നോക്കാതെ ഏവരും ഈ പ്രദേശങ്ങളിലെ ആഘോഷങ്ങൾ ഒരു പോലെയാണ് ആഘോഷിക്കാറ്, തങ്ങളുടെ സാഹോദര്യത്തെ തകർക്കാനാണ് പുറത്ത് നിന്നെത്തിയവർ ശ്രമിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.
‘മാഗുര്‍ഖാലിയില്‍ വീടിനു തീവെച്ചത് പുറത്ത നിന്നുള്ളവരാണെന്ന് ഗ്രാമീണരില്‍ ചിലര്‍ ഉറപ്പിച്ച് പറയുന്നു. ബസിര്‍ഹത്, ബദൂരിയ, ദേഗാങ്ക എന്നിങ്ങനെ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളെയാണ് കലാപം കാര്യമായി ബാധിച്ചത്.സ്കൂള്‍ വിദ്യാര്‍ഥിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് പ്രദേശത്തെ അരക്ഷിതാവസ്ഥയിലാക്കിയ ലഹളയ്‌ക്ക് വഴിവെച്ചത്.
















