ന്യൂദല്‍ഹി: രാജ്യ തലസ്ഥാനമായ ദല്‍ഹിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പോഷ് ഹോസ് ഖാസ് ഗ്രാമം സന്ദര്‍ശിക്കുന്ന വിദേശികള്‍ ഭീകരരുടെ ലക്ഷ്യമാകാമെന്ന് ദല്‍ഹി പോലീസിന്റെ മുന്നറിയിപ്പ്.
നിരവധി റസ്റ്റോറന്റുകളും വസ്ത്ര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഹോസ് ഖാസ് വിനോദ സഞ്ചാരികള്‍ ധാരാളമായി എത്തുന്ന ഗ്രാമമാണ്. ഭീകരാക്രമണം ഉണ്ടായേക്കാമെന്ന സാധ്യതയെ മുന്‍നിര്‍ത്തി പ്രദേശത്ത് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുള്‍പ്പടെ പരിശോധിച്ചുവരികയാണ്.
പ്രദേശത്ത് കൂടി കടന്നുപോകുന്ന ജനങ്ങളെ വീക്ഷിക്കുന്നതിനായി പ്രത്യേകം പരിശീലനം നേടിയ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പാര്‍ക്കിംഗ് പ്രദേശങ്ങളിലും പ്രവേശന കവാടങ്ങളിലും പുറത്തേയ്‌ക്കുള്ള വഴികളിലും മെറ്റല്‍ ഡിറ്റക്ടേഴ്‌സ് ഉപയോഗിച്ചുള്ള പരിശോധനയും നടത്തുന്നുണ്ട്.
ക്രമസമാധാന നില കണക്കിലെടുത്ത് പ്രദേശത്തെ നിശാപാര്‍ട്ടികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ വിദേശികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം കൂടി കണക്കിലെടുത്താണ് ഹോസ് ഖാസില്‍ സുരക്ഷ ശക്തമാക്കിയതെന്ന് പോലീസ് പറയുന്നു.
















