തൃശൂര്‍: ധനമന്ത്രി തോമസ് ഐസക്കിനെതിരെ ആരോപണവുമായി സിപിഎം അനുകൂല സംഘടന രംഗത്ത്. തമിഴ്‌നാട് ലോബിയെ സഹായിക്കാന്‍ വേണ്ടിയാണ് 87 രൂപ നിരക്കില്‍ കോഴിയെ വില്‍ക്കണമെന്ന് മന്ത്രി നിര്‍ബന്ധിക്കുന്നതെന്ന് സംശയിക്കുന്നതായി പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫാമില്‍ 85 രൂപ ഉത്പാദന ചെലവ് വരുന്ന കോഴികളെ കടകളില്‍ എത്തിച്ച് വില്‍ക്കുമ്പോള്‍ 100 രൂപക്ക് മേലെ വില വരും.
നഷ്ടം സഹിച്ച് കച്ചവടം നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കടയടപ്പ് സമരത്തിലേക്ക് നീങ്ങുന്നത്. നികുതിയില്ലാതായതോടെ കേരളത്തില്‍ കോഴി ഉത്പാദിപ്പിക്കാനും വില്‍ക്കാനുമുള്ള സാഹചര്യം ഒരുങ്ങിയ ഘട്ടത്തില്‍ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവരെ തകര്‍ക്കാനേ ഇത് ഉപകരിക്കൂവെന്നും വ്യാപാരികള്‍ പറഞ്ഞു. തമിഴ്‌നാട് കോഴിലോബിക്ക് കേരളത്തിലേക്ക് യഥേഷ്ടം കടന്നു വരാനും വന്‍ വിലയ്‌ക്ക് കോഴി വിറ്റഴിക്കാനുമുള്ള സാഹചര്യമാണ് ധനമന്ത്രിയുടെ പ്രസ്താവനയിലൂടെ ഉരുത്തിരിയുന്നത്.
പൂര്‍ണ്ണമായും തമിഴ്‌നാട് ലോബിയെ ആശ്രയിക്കേണ്ടി വന്നാല്‍ 200 രൂപക്ക് ഒരു കിലോഗ്രാം കോഴി വാങ്ങി കഴിക്കേണ്ടി വരുമെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, വൈസ് പ്രസിഡന്റ് ഷാജി മുല്ലക്കരി, സംസ്ഥാന കമ്മിറ്റിയംഗം ചാര്‍ളി ഐസക് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















