തൊടുപുഴ: പെരുമാങ്കണ്ടം കാവുംപടി വെന്നുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ക്കടന്ന സംഘം വിഗ്രഹങ്ങള്‍ക്കടക്കം നാശം വരുത്തി. ആര്‍എസ്എസ്സിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ അസഭ്യ വാക്കുകളെഴുതി.
ഇന്നലെ രാവിലെ 5.30 ന് ക്ഷേത്രത്തില്‍ വിളക്ക് വയ്‌ക്കാനെത്തിയപ്പോഴാണ് അക്രമത്തെക്കുറിച്ച് അറിയുന്നത്. കുമാരമംഗലം മലയാറ്റില്‍ കുടുംബ വകക്ഷേത്രമാണിത്.
ഗ്രില്‍ ഉപയോഗിച്ചുള്ള വാതിലുള്ള ഇരു ശ്രീകോവിലുകള്‍ക്കും മൂന്ന് പൂട്ടുകള്‍ വീതമാണ് ഉണ്ടായിരുന്നത്. ഇവ തകര്‍ത്ത് ഉള്ളില്‍ കയറി വിഗ്രഹങ്ങളുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന വെള്ളികൊണ്ട് നിര്‍മ്മിച്ച അങ്കി വളച്ച് ഒടിച്ച് വച്ചിരിക്കുകയാണ്. ശ്രീകോവിലെ ആറോളം നിലവിളക്കുകള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു.
കല്ലൂര്‍ക്കാട് എസ്ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പതിമൂന്നാം തവണയാണ് ക്ഷേത്രത്തിനെതിരെ ആക്രമണം നടക്കുന്നത്. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എസ് സുധാകരന്‍, ഹിന്ദുഐക്യ വേദി ജില്ലാ പ്രസിഡന്റ് പി എം രാമകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.
















