ആലപ്പുഴ: ചരക്കു സേവന നികുതി(ജിഎസ്ടി) സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാനുള്ള സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പരാജയപ്പെട്ടു. വ്യാപാരി വ്യവസായി പ്രതിനിധികളുമായും ഇറച്ചിക്കോഴി കച്ചവടക്കാരുടെ സംഘടനാ പ്രതിനിധികളുമായും ആലപ്പുഴയില്‍ നടത്തിയ ചര്‍ച്ചകളാണ് തീരുമാനമാകാതെ പിരിഞ്ഞത്.
ജിഎസ്ടി ഇപ്പോഴത്തെ നിലയില്‍ നടപ്പാക്കാന്‍ കഴിയില്ല എന്ന തീരുമാനത്തില്‍ വ്യാപാരി വ്യവസായി പ്രതിനിധി ഉറച്ചു നിന്നു. ജിഎസ്ടി നടപ്പാക്കുന്നത് മൂന്നു മാസത്തേക്ക് നിര്‍ത്തിവയ്‌ക്കണമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തോട് പ്രതികരിക്കാന്‍ മന്ത്രി കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
87 രൂപയ്‌ക്കു കോഴി വില്‍ക്കാന്‍ കഴിയില്ലെന്നു പൗള്‍ട്രി ഫെഡറേഷന്‍ ഉറച്ചു നിന്നതോടെ അവരുമായുള്ള ചര്‍ച്ചയും പരാജയപ്പെട്ടു. തമിഴ്‌നാടു ലോബിക്കായി മന്ത്രി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടന രംഗത്തു വന്നതും ശ്രദ്ധേയമായി.
വ്യാപാരി ഹര്‍ത്താലില്‍ മാറ്റമില്ല
ആലപ്പുഴ: ചരക്ക്, സേവന നികുതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ ധനമന്ത്രി തോമസ് ഐസക്കുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ചര്‍ച്ച പരാജയം. ചൊവ്വാഴ്ചത്തെ ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദീനും, സെക്രട്ടറി രാജു അപ്‌സരയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജിഎസ്ടി നടപ്പാക്കുന്നത് മൂന്നു മാസത്തേക്ക് നിര്‍ത്തിവയ്‌ക്കണമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തോട് പ്രതികരിക്കാന്‍ മന്ത്രി കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ ആവശ്യം പരിഗണിക്കാന്‍ കഴിയില്ല. ജിഎസ്ടി നടപ്പാക്കിയതോടെ ബില്ലിങ്ങില്‍ ഉണ്ടാകുന്ന അപാകതകള്‍ പരിഹരിക്കാന്‍ സെപ്തംബര്‍ 10 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലാവധിക്കുള്ളില്‍ വ്യാപാരികള്‍ക്കെതിരെ നടപടിയെടുക്കില്ല. എന്നാല്‍ എംആര്‍പിയില്‍ കൂടുതല്‍ വില വാങ്ങാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
നികുതി സംബന്ധിച്ചു വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും പരാതിപരിഹാര സെല്‍ രൂപീകരിക്കും. വ്യാപാര സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ചോദ്യോത്തരങ്ങളടങ്ങിയ പത്രപ്പരസ്യം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
















