ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കുമായി ഇറച്ചിക്കോഴി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സംസ്ഥാനത്ത് ഇന്നു മുതല്‍ കോഴിക്കടകള്‍ അടച്ചിടും. കോഴിവ്യാപാരികളുടെ നിലപാട് ജനങ്ങള്‍ക്കും, സര്‍ക്കാരിനും എതിരാണെന്നും, അത്തരക്കാരെ ജനങ്ങള്‍ തന്നെ കൈകാര്യം ചെയ്യണമെന്നും തോമസ് ഐസക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തോന്നിയ വിലയ്‌ക്കു കോഴി വില്‍ക്കാമെന്നു കരുതേണ്ട. ജിഎസിടിയുടെ ആനുകൂല്യം ജനങ്ങള്‍ക്കു ലഭിക്കണം. കോഴി നികുതി വെട്ടിപ്പുകേസുകള്‍ പരിശോധിക്കാന്‍ കര്‍മ്മസേനയെ നിയോഗിക്കും, മന്ത്രി വ്യക്തമാക്കി.
എന്നാല്‍ വില കുറയ്‌ക്കാനാകില്ലെന്ന നിലപാടില്‍ പൗള്‍ട്രി ഫെഡറേഷന്‍ ഉറച്ചു നില്‍ക്കുകയാണ്. 87 രൂപയ്‌ക്കു കോഴി വില്‍ക്കാന്‍ കഴിയില്ലെന്നു വ്യാപാരികള്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് അഹങ്കാരമില്ലെന്നും ഉപജീവന മാര്‍ഗ്ഗമാണെന്നും അവര്‍ പറഞ്ഞു. 130 രൂപയാണ് ഇന്നത്തെ കോഴി വില. ഇത് കുറച്ച് 100 രൂപ വരെയാക്കാമെന്നു പൗള്‍ട്രി ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ ഇതു പറ്റില്ലെന്നും 87 രൂപ എന്നത് സര്‍ക്കാരിന്റെ തീരുമാനമാണെന്നും തോമസ് ഐസക് കര്‍ശന നിലപാടെടുത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ഫെഡറേഷന്‍ നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോഴിക്കച്ചവടക്കാരുടെ നികുതി വെട്ടിപ്പുകളെ കര്‍ശനമായി പിടിക്കുമെന്ന് മന്ത്രി മുന്നറിയിപ്പു നല്‍കി. നേരത്തെ 14.5 ശതമാനം നികുതിയായിരുന്നു ചുമത്തിയിരുന്നത്. ഇതു കുറഞ്ഞപ്പോഴാണു വ്യാപാരികള്‍ വില കൂട്ടിയത്. 40 ശതമാനമാണ് ഇപ്പോള്‍ കൂട്ടിയത്. നികുതി ഇല്ലാതാകുമ്പോള്‍ അതിന്റെ പ്രയോജനം ജനങ്ങള്‍ക്കു കിട്ടണം. ഇവര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കോഴിക്കൃഷിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കും. സര്‍ക്കാര്‍ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല.
ജിഎസ്ടി വരുന്നുവെന്നു കേട്ടതോടെ 100 രൂപയില്‍നിന്ന് വില പെട്ടെന്നു ബോധപൂര്‍വ്വം കൂട്ടുകയായിരുന്നു. നികുതി വെട്ടിപ്പിന്റെ ചരിത്രമുള്ളവരാണ് ഇതിന്റെ പിറകില്‍. നികുതി വെട്ടിപ്പ് കേസുകള്‍ ശക്തമായി നടത്തും. സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. വില നിയന്ത്രിക്കുന്ന ചില സംഘങ്ങളുണ്ട്. ഭീഷണിക്ക് മുമ്പില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും ഐസക് വ്യക്തമാക്കി.
















