ഇരിട്ടി: ഇരിട്ടി ഹൈസ്‌കൂളിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ നിന്നും വെടിമരുന്ന് ശേഖരം പിടികൂടി. ഇരിട്ടി പോലീസും, ബോംബ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഒന്നരക്കിലോ വെടിമരുന്ന് പിടികൂടിയത്. ബോംബ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന ക്‌ളോറൈഡ്, സള്‍ഫര്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. സ്‌കൂളിനോട് ചേര്‍ന്ന പറമ്പിലെ പാറക്കെട്ടുകള്‍ക്കിടയില്‍ പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍. മുന്‍പ് പലപ്പോഴും രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ മേഖലയില്‍ രാത്രികാലങ്ങളില്‍ സ്‌ഫോടനങ്ങള്‍ പതിവായിരുന്നു. ബോംബു നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള സ്‌ഫോടനങ്ങളായിരുന്നു ഇവ എന്നായിരുന്നു പോലീസിന്റെ അനുമാനം. എന്നാല്‍ പോലീസ് പലതവണ ഇവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഇവയൊന്നും കണ്ടെത്താനായിരുന്നില്ല.
ഇരിട്ടി എസ്‌ഐ സഞ്ജയ് കുമാര്‍, ബോംബ് സ്‌ക്വാഡ് എസ്‌ഐ എ.രാമചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജിത്ത് കുമാര്‍, ശ്രീഖിത്, രഞ്ജിത്ത്, സജിമോഹന്‍, ജിമ്മി, ബഷീര്‍ എന്നിവരായിരുന്നു പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നത്.
















