ശാസ്താംകോട്ട: അപൂര്‍വരോഗം ബാധിച്ച 22 വയസുകാരിയുടെ കണ്ണില്‍ നിന്ന് 11 മില്ലിമീറ്റര്‍ നീളമുള്ള പുഴുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഡോ. സഞ്ജയ് രാജുവിന് പ്രശംസയുടെ പ്രവാഹം. ശാസ്താംകോട്ട എംടിഎംഎം മിഷന്‍ ആശുപത്രിയിലെ നേത്ര ചികിത്സാ വിഭാഗം മേധാവി ഡോ. സഞ്ജയ് രാജുവാണ് ഈ അപൂര്‍വ ശസ്ത്രക്രിയ വിജയകരമാക്കിയത്.
ആറ്റിങ്ങല്‍ സ്വദേശിനിയായ ഹസീനയാണ് വലതുകണ്ണില്‍ ഗുരുതര രോഗമായി ആശുപത്രിയിലെത്തിയത്. കൊതുകില്‍ നിന്നോ വളര്‍ത്തുമൃഗങ്ങളില്‍ നിന്നോ ഉണ്ടായ പകര്‍ച്ചവ്യാധിയാണ് രക്തത്തിലൂടെ പകര്‍ന്നു കണ്ണില്‍ പിടിപെട്ടതെന്ന് പറയുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ രോഗം ബോധ്യമായ ഡോ. സഞ്ജയ് രാജു പൊടുന്നനെ പെണ്‍കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. തുടര്‍ന്നാണ് 11 മില്ലിമീറ്റര്‍ നീളമുള്ള പുഴുവിനെ പുറത്തെടുത്തത്.
ഡൈറോഫിലേറിയാസിസ് എന്ന അപൂര്‍വരോഗമാണ് ഇതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. സാധാരണ കണ്ണ് ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ചെയ്യാന്‍ മടിക്കുന്ന ഈ അതിസൂക്ഷ്മശസ്ത്രക്രിയ താന്‍ സധൈര്യം ഏറ്റെടുക്കുകയായിരുന്നുവെന്ന് ഡോ. സഞ്ജയ് രാജു ജന്മഭൂമിയോട് പറഞ്ഞു.
















