കൊയിലാണ്ടി: പൊട്ടിപ്പൊളിഞ്ഞ കൊയിലാണ്ടി ഹാര്‍ബര്‍ റോഡില്‍ തോണിയിറക്കി ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. റോഡ് കുണ്ടും കുഴിയുമായി മാറിയതിനാല്‍ യാത്ര ചെയ്യണമെങ്കില്‍ തോണിയില്‍ പോകേണ്ട അവസ്ഥയാണ്.
കൊയിലാണ്ടി ഹാര്‍ബറിലേക്ക് നിരവധി ലോറികളടക്കമുള്ള വാഹനങ്ങളാണ് പോകുന്നത്. ഗവ. മാപ്പിള ഹയര്‍സെക്കന്ററി സ്‌കൂളിലേക്കു പോകുന്ന വദ്യാര്‍ത്ഥികളും ഹാര്‍ബറിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികളും റോഡിന്റെ തകര്‍ച്ചയില്‍ ദുരിതമനുഭവിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി കൊയിലാണ്ടി സൗത്ത് നഗരസഭാ കമ്മിറ്റി ജനകീയ പ്രതിരോധം സംഘടിപ്പിച്ചത്. റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
ഉപരോധസമരം ബിജെപി സംസ്ഥാന കമ്മിറ്റി അംഗം വി.കെ. ജയന്‍ ഉദ്ഘാടനം ചെയ്തു. ഒ. മാധവന്‍ അദ്ധ്യക്ഷത വഹിച്ചു. വി.കെ. മുകുന്ദന്‍, വി. കെ. ഷാജി, നഗരസഭാ കൗണ്‍സിലര്‍ കെ. വി. സുരേഷ്, വി.കെ. രാമന്‍, കെ. പി. എന്‍.മനോജ്, കെ.പി. സന്തോഷ്, കെ.എം. ഷിജിത്ത് സംസാരിച്ചു.
















