ജെന്‍സി ബിനോയി, മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി:സ്വന്തം കണ്ണില്‍ തടിക്കഷ്ണമിരിക്കെ മറ്റൊരാളുടെ കണ്ണിലെ കരട് എടുത്തുകളയാന്‍ നിനക്കെങ്ങിനെ സാധിക്കും, എന്ന ബൈബിള്‍ വചനം മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍മിപ്പിച്ച് ഇസ്രായേലില്‍ നിന്ന് ഒരു മലയാളി യുവതി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ വിമര്‍ശിക്കുന്ന പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കടുത്ത പ്രതിഷേധവുമായി ജെന്‍സി ബിനോയി എന്ന യുവതി ഫേസ്ബുക് ലൈവില്‍ എത്തി. മോദിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിനെതിരെ മുഖ്യമന്ത്രി ഉന്നയിക്കുന്ന ആരോപണങ്ങളെ പരിപൂര്‍ണമായും തള്ളിക്കളയുകയാണ് ഏറെക്കാലമായി ഹോലോണ്‍ എന്ന സ്ഥലത്ത് നഴ്‌സായി ജോലി ചെയ്യുന്ന ജെന്‍സി.
കാര്യങ്ങള്‍ കൃത്യമായി, വ്യക്തമായി മനസ്സിലാക്കാതെയും ചരിത്രബോധമില്ലാതെയുമാണ് പിണറായി വിജയന്‍ ഇസ്രായേലിനെ ഭീകരരാഷ്‌ട്രമെന്നും സയണിസ്റ്റ് രാഷ്‌ട്രമെന്നുമൊക്കെ വിശേഷിപ്പിക്കുന്നതെന്നും ജെന്‍സി സൂചിപ്പിക്കുന്നു. അധിനിവേശത്തിന്റെ ലോക വക്താക്കളായ ഇസ്രയേലിന്റെ തന്ത്രപ്രധാന പങ്കാളിയാക്കി ഇന്ത്യയെ മാറ്റുകയും അമേരിക്ക-ഇസ്രയേല്‍-ഇന്ത്യ അച്ചുതണ്ടു സൃഷ്ടിക്കുകയും ചെയ്യുന്ന അപകടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
ഇസ്രായേലി സൈന്യത്തിന്റെ തോക്കിന്‍ മുനയ്‌ക്ക് മുന്നില്‍ ജീവിക്കുക, അല്ലെങ്കില്‍ പിറന്ന നാട് വിട്ടുപോവുക എന്ന കാടന്‍ നീതിയോടു ഐക്യപ്പെടാന്‍ കഴിയുന്നത് സംഘപരിവാറിന്റെ മാനസികാവസ്ഥ ഉള്ളത് കൊണ്ടാണ്. അധിനിവേശ ശക്തികള്‍ക്ക് നരമേധം നടത്താനുള്ള സഹായം നല്‍കുക എന്നത് അപകടകരമായ സൂചനയാണ്, തുടങ്ങി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടതിനെയെല്ലാം ജെന്‍സി തള്ളിക്കളയുന്നു.
ഏറെക്കാലമായി ഇസ്രായേലില്‍ ജോലി നോക്കുന്ന തനിക്ക് ഇവിടുത്തെ കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ കഴിയും എന്ന ആമുഖത്തോടെയാണ് ജെന്‍സി പറഞ്ഞു തുടങ്ങുന്നത്. ഇന്ത്യക്കാരോട് ഈ നാട്ടിലെ ജനങ്ങള്‍ക്കുള്ള സ്‌നേഹം അനുഭവിച്ചിട്ടുള്ള ആളാണ് ഞാന്‍. കേരളത്തില്‍ നിന്നു മടങ്ങിയെത്തിയവര്‍ ആ സംസ്‌കാരം ഇപ്പോഴും അവരുടെ പൈതൃകമായി കാത്തുസൂക്ഷിക്കുന്നു. കാര്‍ഗില്‍ യുദ്ധകാലത്തും മറ്റും ഇസ്രായേല്‍ നല്‍കിയ പിന്തുണ മറക്കരുത്. എനിക്കു രാഷ്‌ട്രീയമില്ല. ഇത്ര മോശമായി ഈ രാജ്യത്തെക്കുറിച്ച് എഴുതിയിട്ടിരിക്കുന്നത് കണ്ടിട്ടാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്, ജെന്‍സി തുടരുന്നു.
മുഖ്യമന്ത്രിയുടെ പോസ്റ്റ് കണ്ടിട്ട് ഈ രാജ്യത്തെക്കുറിച്ച് ആരും തെറ്റിദ്ധരിക്കരുത്. ഇവിടെ സ്ത്രീകള്‍ സുരക്ഷിതരാണ്. നമ്മുടെ നാട്ടിലതുണ്ടോ, ജെന്‍സി ചോദിക്കുന്നു. പലരും ചാനലുകളില്‍ കയറിയിരുന്ന് സ്ത്രീകളെ അധിക്ഷേപിച്ചിട്ട് മുഖ്യന്‍ അനങ്ങിയില്ല. അക്രമരാഷ്‌ട്രീയത്തിലൂടെ ആള്‍ക്കാരെ കൊന്നൊടുക്കുന്നു. സബ്കളക്ടറെത്തെന്നെ സ്ഥലംമാറ്റി. അതൊക്കെയൊന്നു നന്നായി നോക്കിയിട്ടു പോരേ, അന്യ ദേശത്തു കയറി ആക്രമിക്കുന്നതെന്നാണ് പിണറായിയോട് ജെന്‍സിയുടെ ചോദ്യം. ഇസ്രായേലിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഈ രാജ്യം സന്ദര്‍ശിക്കാന്‍ ജെന്‍സി ആവശ്യപ്പെടുന്നു.
പ്രധാനമന്ത്രി മോദിക്കു കിട്ടിയ സ്വീകരണത്തിലും ആദരവിലും ഞങ്ങള്‍ അത്ഭുതപ്പെട്ടു. പതിനായിരത്തോളം മലയാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അവരും നാട്ടിലേക്ക് പണം അയയ്‌ക്കുന്നുണ്ട്. ഈ രാജ്യത്ത് സന്തോഷത്തോടെ, സമാധാനത്തോടെ, സ്വാതന്ത്ര്യത്തോടെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. അറിയാന്‍ വയ്യാത്ത കാര്യങ്ങള്‍ എഴുതിവിടരുത്. കൊച്ചു കുട്ടികള്‍ക്ക് പോലും ചരിത്രമറിയാം.
ഇങ്ങനെയൊക്കെ ഫേസ്ബുക്കില്‍ കുറിച്ചിടുമ്പോള്‍ അത് കാണുന്നവരും അറിയുന്നവരുമുണ്ടെന്നും പിണറായിയെ ഓര്‍മിപ്പിക്കുന്നു. തന്റെ ലൈവ് വീഡിയോ പരമാവധി ഷെയര്‍ ചെയ്യണമെന്നും എല്ലാവരും യാഥാര്‍ഥ്യം മനസ്സിലാക്കണമെന്നുമുള്ള അഭ്യര്‍ഥന മലയാളികള്‍ ഏറ്റെടുത്തപ്പോള്‍ ആദ്യ മണിക്കൂറുകളില്‍ത്തന്നെ രണ്ടു ലക്ഷത്തിലേറെപ്പേര്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയുള്ള ആ പ്രതിഷേധ വാക്കുകള്‍ കേട്ടു.
















