തിരുവനന്തപുരം: തീപ്പൊള്ളലേറ്റ് മരിച്ച യുവമോര്‍ച്ച നേതാവ് സജിന്‍രാജയുടെ മരണത്തില്‍ ഏറെ ദുരൂഹത. സജിന്‍ലാലിന്റെ മരണമൊഴിയും സാഹചര്യത്തെളിവുകളും തമ്മില്‍ പൊരുത്തപ്പെടാത്തത് പോലീസിനെ കുഴയ്‌ക്കുന്നു. തന്നെ കത്തിച്ചതാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സജിന്‍ ഡോക്ടറോട് പറഞ്ഞതായി പോലീസ് സൂചിപ്പിച്ചു.
സജിന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്നു ലഭിച്ച കുറിപ്പില്‍ മൂന്ന് ലക്ഷത്തോളം രൂപയുടെ പണമിടപാടില്‍ തൃശൂര്‍ സ്വദേശിയായ യുവതി കബളിപ്പിച്ചതായി പറയുന്നു. സജിന്റെ മൊബൈലില്‍ നിന്ന് യുവതിക്കയച്ച വാട്‌സ് ആപ്പ് മെസേജുകളില്‍ ആത്മഹത്യ ചെയ്യുമെന്ന സൂചനയാണ് നല്‍കുന്നതെന്ന് ആറ്റിങ്ങല്‍ സിഐ എം. അനില്‍കുമാര്‍ പറഞ്ഞു. പെട്രോള്‍ അംശമുളള ഒഴിഞ്ഞ കുപ്പികളും വാഹനത്തിനുളളില്‍ നിന്ന് ഒരു കുപ്പി പെട്രോളും പോലീസ് കണ്ടെടുത്തു. ഒറ്റപ്പാലം മുതല്‍ തിരുവനന്തപുരം വരെയുളള ടോള്‍ സെന്ററുകളില്‍ നിന്നു ലഭിച്ച വിവരമനുസ്സരിച്ച് സജിന്‍ ഒറ്റയ്‌ക്ക് വാഹനമോടിച്ചിരുന്നതായിട്ട് കണ്ടെത്തി. മറ്റൊരു വാഹനം സജിന്റെ വാഹനത്തെ പിന്തുടര്‍ന്നിരുന്നതായി തെളിവുകളില്ല.
എന്നാല്‍ ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയും വാട്‌സ് ആപ്പ് മെസേജുകളും തമ്മിലുളള വൈരുദ്ധ്യം പോലീസ് അന്വേഷിക്കുന്നുണ്ട്. പൊളളലേറ്റ് സജിന്‍ കിടന്നിരുന്ന സ്ഥലത്ത് തീ കത്തിയതായിട്ടുളള തെളിവുകളില്ലാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഒറ്റപ്പാലത്തെ വികെ മോട്ടോര്‍സ് ഉടമയില്‍ നിന്നു സജിന്റെ അമ്മയുടെ പേരിലുളള തുകയെഴുതാത്ത ചെക്കിന്മേല്‍ സജിന്‍ പണം കടം വാങ്ങിയിരുന്നു. മടക്കി കൊടുക്കേണ്ട തീയതി കഴിഞ്ഞതോടെ സംഭവത്തിന് രണ്ട് ദിവസം മുമ്പ് പണം ആവശ്യപ്പെട്ട് വികെ മോട്ടോര്‍സ് ഉടമയുമായി ബന്ധപ്പെട്ട് ചിലര്‍ സജിന്റെ വീട്ടില്‍ ചെന്നിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇത് സംബന്ധിച്ച് വിശദ അന്വേഷണത്തിനായി എസ്‌ഐ ഹാഷിം അബ്ദുല്‍ സമദിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ഒറ്റപ്പാലത്തേക്ക് പോയി.
വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് ആറ്റിങ്ങല്‍ മാമം ബൈപ്പാസിന് സമീപം പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍ സജിന്‍ രാജിനെ കണ്ടെത്തിയത്. ഇയാള്‍ വാടകയ്‌ക്കെടുത്ത് ഉപയോഗിച്ചിരുന്ന കാര്‍ ബൈപ്പാസിനോട് ചേര്‍ന്ന ഇടറോഡില്‍ ഒതുക്കി പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു. ഇതിന് മറവിലാണ് സജിന്‍ പൊള്ളലേറ്റ് കിടന്നിരുന്നത്.
സജിന്റെ മരണം അന്വേഷിക്കണമെന്ന് സഹോദരന്‍
തിരുവനന്തപുരം: യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍രാജയുടെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരന്‍ ജിതിന്‍ ആരോപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിതിന്‍. ജ്യേഷ്ഠന് പ്രത്യക്ഷത്തില്‍ ആരുമായും ശത്രുതയില്ല. ആത്മഹത്യ ചെയ്യാന്‍ വേണ്ടി തിരുവനന്തപുരത്തേക്ക് വരേണ്ട ആവശ്യമില്ലെന്നും ജിതിന്‍ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ മൃതദേഹം ഇന്നലെ ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറി. യുവമോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ.പി. നന്ദകുമാര്‍, സെക്രട്ടറി ബിധിന്‍, ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി സരൂപ്, ബിജെപി മണ്ഡലം സെക്രട്ടറി ശങ്കരന്‍ കുട്ടി എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് എസ്. സുരേഷ്, മുരുകാനന്ദന്‍, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സി. സജിത്കുമാര്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
















