കണ്ണൂര്‍: എആര്‍ ക്യാമ്പുകളിലെ എസ്‌ഐമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. സിപിഎമ്മിന് അനഭിമതരായ 41 എസ്‌ഐമാരേയാണ് വിവിധ എആര്‍ ക്യാമ്പുകളില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തലങ്ങും വിലങ്ങും മാറ്റിയത്. പോലീസില്‍ സിപിഎം വല്‍ക്കരണത്തിന്റെ ഭാഗമാണ് സ്ഥലം മാറ്റം. സംസ്ഥാന സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് അധ്യയനവര്‍ഷം ആരംഭിക്കുന്നതിനെ മുന്നേ വേണമെന്നും മൂന്ന് വര്‍ഷം തികഞ്ഞവരെ മാത്രമേ മാറ്റാന്‍ പാടുളളൂവെന്നുമുള്ള മാനദണ്ഡം കാറ്റില്‍പറത്തി.
പോലീസ് േകഡറ്റുകള്‍ക്ക് മികച്ച പരിശീലനം നല്‍കുന്ന എസ്‌ഐമാരെ കൂട്ടതോടെ മാറ്റിയത് ക്യാമ്പുകളിലെ പരിശീലനത്തെയും ബാധിച്ചു. മിക്ക ബറ്റാലിയനുകളിലും പുതിയ ബാച്ചുകള്‍ ഒന്നാം തീയ്യതി ആരംഭിച്ചിരിക്കേ പരിശീലന ഉദ്യോഗസ്ഥരെ മാറ്റിയത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അഞ്ച് കെഎപി ബറ്റാലിയനുകളും തൃശൂരില്‍ ഇന്‍ഡ്യന്‍ റിസര്‍വ്വ് ബറ്റാലിയനും മലപ്പുറത്ത് എംഎസ്പി ബറ്റാലിയനും അടക്കം ഏഴ് പോലീസ് പരിശീലന കേന്ദ്രങ്ങളാണ് ഉളളത്.
കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെഎപിയിലെ അസി.കമാന്റന്റിനെയുള്‍പ്പെടെ സിപിഎമ്മിന് അനഭിമതരായ നിരവധി പേരെയാണ് മാറ്റിയത്. അസി.കമാന്റന്റിനെ മലപ്പുറത്തേക്കാണ് മാറ്റിയത്. ആറ് വര്‍ഷമായി അസി.കമാന്റന്റായ മുഖ്യമന്ത്രിയുടെ മണ്ഡലംകാരനും ക്യാമ്പിലെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിട്ടില്ല. കണ്ണൂരില്‍ നിന്ന് 5 എസ്‌ഐമാരേയാണ് വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത്. പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പലര്‍ക്കും നിയമനം.
മൂന്ന് വര്‍ഷം പൂര്‍ത്തിയായാലേ സ്ഥലം മാറ്റാവൂ. സിപിഎമ്മിന്റെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കില്ലെന്ന ഒറ്റക്കാരണത്താല്‍ ഒന്നര വര്‍ഷം മാത്രം പൂര്‍ത്തിയായവരെ വരെ മാറ്റി. അധ്യയന വര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടിരിക്കെ നടത്തിയിരിക്കുന്ന സ്ഥലംമാറ്റം പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ പഠനത്തേയും ഗുരുതരമായി ബാധിക്കും. സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥരെ അവര്‍ക്ക് ഇഷ്ടമുളള സ്ഥലങ്ങളിലാണ് നിയമിച്ചിരിക്കുന്നത്.
അനധികൃത സ്ഥലം മാറ്റത്തിനെതിരെ പലരും പോലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിക്കാനുളള നീക്കത്തിലാണ്. മുഖ്യമന്ത്രിയുടെ പേഴ്‌സണ്‍ സ്റ്റാഫിലെ കണ്ണൂരിലെ നേതാവാണ് ആഭ്യന്തര വകുപ്പിലെ സ്ഥലംമാറ്റം ഉള്‍പ്പെടെ നിയന്ത്രിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ പ്രമോഷന്റെ കാര്യത്തിലും വന്‍ തിരിമറികള്‍ നടക്കുന്നതായും ആരോപണമുണ്ട്. പ്രമോഷന്‍ കൗണ്‍സില്‍ കൂടി മാത്രമേ പ്രമോഷന്‍ നല്‍കാന്‍ പാടുളളൂവെന്നാണ് ചട്ടം. എന്നാല്‍ ഇതൊന്നും പാലിക്കാതെ പ്രമോഷന്‍ നടത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
















