കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ അന്വേഷണ സംഘം വേണ്ടത്ര തെളിവുകള്‍ ശേഖരിച്ചിരുന്നില്ലെന്ന് മുന്‍ ഡിജിപി: ടി. പി. സെന്‍കുമാര്‍. ചോദ്യം ചെയ്യുന്ന സമയത്ത് തെളിവുകളില്ലായിരുന്നു. പിന്നീട് കിട്ടിയോ എന്നറിയില്ല. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമായ തെളിവുകള്‍ ലഭിച്ചാല്‍ ആരെയും അറസ്റ്റ് ചെയ്യാം. ഇക്കാര്യത്തില്‍ ഡിജിപിയുടെ അനുമതി ആവശ്യമില്ല, സെന്‍കുമാര്‍ പ്രതികരിച്ചു.
ദിലീപ് ഉള്‍പ്പെടെ ആര്‍ക്കും താന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഒരു വാരികയില്‍ തന്റേതായി വന്ന പരാമര്‍ശങ്ങള്‍ തള്ളി സെന്‍കുമാര്‍ പറഞ്ഞു. ഓരോ കേസിനും വേണ്ട സ്വാഭാവിക നടപടിക്രമങ്ങളുണ്ട്. സംശയവും തെളിവും രണ്ടാണ്. സംശയങ്ങള്‍ സംശയങ്ങളായി നിന്നിട്ടു കാര്യമില്ല. സംശയങ്ങളെ തെളിവിലേക്ക് എത്തിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. അന്വേഷണ സംഘത്തിലെ ടീം ലീഡറെ അറിയിക്കാതെയാണ് അന്ന് ചോദ്യം ചെയ്യല്‍ നടത്തിയത്.
അന്വേഷണത്തില്‍ ഏകോപനമില്ലായിരുന്നു എന്നത് ബോധ്യപ്പെട്ട കാര്യമാണ്. ദിനേന്ദ്ര കശ്യപ് മികച്ച ഉദ്യോഗസ്ഥനാണ്. അതുകൊണ്ടാണ് ഈ അന്വേഷണത്തിന്റെ തലവനായി വെച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്തയാള്‍ എഡിജിപി ബി. സന്ധ്യയെ കണ്ടിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















