ന്യൂദല്‍ഹി: ഗംഗ, യമുന നദികള്‍ക്ക് മനുഷ്യതുല്യമായ പദവി നല്‍കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പുണ്യനദികള്‍ എന്ന പരിഗണയിലാണ് മുമ്പ് ഉത്തരാഖണ്ഡ് ഹൈക്കോടതി ഇരു നദികള്‍ക്കും മനുഷ്യതുല്യമായ പദവി നല്‍കിയത്. ആ നടപടിയാണ് സുപ്രീംകോടതി ഇപ്പോള്‍ സ്റ്റേ ചെയ്തത്. ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സ്റ്റേ.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി ഇരു നദികള്‍ക്കും വ്യക്തിക്ക് തുല്യമായ പദവി നല്‍കിയ വിധി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന എല്ലാ അവകാശാധികാരങ്ങള്‍ക്കും ഈ നദികളും അര്‍ഹരാണെന്ന് ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു.
നമാമി ഗംഗ പദ്ധതിഡയറക്ടര്‍, ഉത്തരാഖണ്ഡ് അഡ്വക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി എന്നിവരെ നദികളുടെ ‘നിയമപരമായ രക്ഷിതാക്കള്‍’ ആയും കോടതി പ്രഖ്യാപിച്ചു. രണ്ട് പുണ്യനദികളുടെയും ‘ആരോഗ്യവും സുരക്ഷയും’ ഉറപ്പുവരുത്തേണ്ട ചുമതല ഇവര്‍ക്കായിരുന്നു.
പക്ഷേ, ആ വിധിയിലുള്ള ഗംഗ, യമുന നദികളിലെ വെള്ളപ്പൊക്കം മൂലം ആര്‍ക്കെങ്കിലും ദോഷം സംഭവിച്ചാല്‍ ചീഫ് സെക്രട്ടറി ഉത്തരവാദി ആകേണ്ടിവരുമെന്ന പ്രസ്താവനയാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ന്യൂസിലന്‍ഡിലുള്ള വാംഗ്‌നുയി നദിക്ക് അവിടെ വ്യക്തിയുടെ പദവിയുണ്ട്. ഈ മാതൃകയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി സ്വീകരിച്ചത്.
















