കൊച്ചി: പോലീസ് സേനയിലുള്ള ഏതാനും ക്രിമിനലുകളാണ് കൂടുതല്‍ പ്രശസ്തരാകുന്നതെന്ന് മുന്‍ പോലീസ് മേധാവി ടി. പി. സെന്‍കുമാര്‍. ഇത്തരം ക്രിമിനലുകളുടെ വരവ് തടയാന്‍ കഴിയില്ല. ഇങ്ങനെ കടന്ന് കൂടുന്നവര്‍ മറ്റ് സ്വാധീനങ്ങള്‍ വഴി മേഖലയില്‍ മുന്നോട്ട് വളരുകയാണ്. നിയമന സംവിധാനങ്ങളില്‍ കാര്യമായ ഭേദഗതി വേണം.
ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് പകര്‍ന്ന് കിട്ടിയ അടിച്ചമര്‍ത്തുന്ന സംസ്കാരം ഉള്‍പ്പടെയുള്ള ദുഷ്പ്രവണതകള്‍ ഇപ്പോഴും പൂര്‍ണമായും മാറിയിട്ടില്ല, മുന്‍ ഡിജിപി പറഞ്ഞു. സേനയില്‍ ആകെ കണക്കെടുത്താല്‍ നട്ടെല്ല് കുറവുള്ളവര്‍ ഐപിഎസ് തലത്തിലാണുള്ളത്. സിപിഒ തലത്തിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തില്‍ ഭേദം.
തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരെ ട്രാന്‍സ്ഫര്‍ ചെയ്യുന്ന പ്രവണതകള്‍ തുടരുകയാണ്. സിവില്‍ സര്‍വീസില്‍ പോലും ഈയടുത്തുണ്ടായ സംഭവവും ഇതിനൊരുദാഹരണമാണ്. പോലീസ് ഇന്ന് 257 ഓളം വ്യത്യസ്ത ജോലികളാണ് ചെയ്യുന്നത്.
എന്നാല്‍ നിലവിലെ സര്‍വീസ് ചട്ടങ്ങളെപ്പറ്റിയുള്ള പൂര്‍ണമായ അറിവ് പോലും പലര്‍ക്കുമില്ല. ഒരേ പോലീസ് ചട്ടം മലയാളത്തിലും, ഇംഗ്ലീഷിലുമായപ്പോള് എഴുപതോളം വ്യത്യാസങ്ങളാണുള്ളത്. ഒന്നര വര്‍ഷം മുമ്പ് ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നതായും സെന്‍കുമാര്‍ പറഞ്ഞു.
















