വടകര: ടിപി വധകേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഷാഫിക്ക് വിവാഹ മംഗളാശംസ നേരാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും തലശ്ശേരി എം.എല്‍.എയും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ടുമായ എ.എന്‍ ഷംസീറും പങ്കെടുത്തത് പിണറായിയുടെയും കോടിയേരിയുടെയും ദൂതന്‍മാരായാണെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു.
ഇത് കൊലയാളികളും സി.പി.എം നേതൃത്വവും തമ്മിലുള്ള ബന്ധം വ്യക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടെടുത്ത എ.എന്‍ ഷംസീര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ജനാധിപത്യത്തെ വെല്ലുവിളിച്ച ഷംസീര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നും എന്‍. വേണു പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായ ഷംസീര്‍ ടി.പി കേസില്‍ പ്രതികളെ സഹായിച്ചു എന്ന് പത്രസമ്മേളന ത്തില്‍ സൂചിപ്പിച്ചതിന് ആര്‍എംപി നേതാക്കള്‍ക്കെതിരെ മാനനഷ്ടത്തിനു കേസ് കൊടുത്തിരുന്നു. എന്നാല്‍ പിന്നീട് ഏകപക്ഷീയമായി കേസില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ടിപി കൊലപാതക ഗൂഢാലോചനയില്‍ സിപിഎം ഉന്നത നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്നതാണ് പ്രതിയുടെ കല്യാണ ദിവസത്തെ ഇരുവരുടെയും പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
















