കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വായനാമല്‍സരം അക്ഷരോല്‍സവത്തിന് തുടക്കമായി. സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂളിലും സ്‌കൂള്‍തല മല്‍സരം നടന്നു. സ്‌കൂള്‍ തലത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാരെ പങ്കെടുപ്പിച്ചുള്ള താലൂക്ക്തലം ആഗസ്ത് 6നും താലൂക്കില്‍ നിന്ന് ആദ്യ പത്ത് സ്ഥാനക്കാരെ പങ്കെടുപ്പിച്ചുള്ള ജില്ലാതലം സപ്തബര്‍ 24നും നടക്കും. നവംബര്‍ 11, 12 തീയ്യതികളിലാണ് സംസ്ഥാനതല മല്‍സരം.
സ്‌കൂള്‍തല മല്‍സരത്തിന്റെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം അഴീക്കോട് ഹൈസ്‌കൂളില്‍ പ്രൊഫ.കെ.പാപ്പൂട്ടി നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.പ്രസന്ന അധ്യക്ഷത വഹിച്ചു. ക്ലാസ് റൂം ലൈബ്രറികളുടെ ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.ബൈജു നിര്‍വഹിച്ചു. എം.മോഹനന്‍, പി.സോമന്‍, എന്‍.ലസിത, പി.എം.കൃഷ്ണപ്രഭ എന്നിവര്‍ സംസാരിച്ചു.
















