ന്യൂദല്‍ഹി: രാജ്യത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതിയില്‍ പങ്കാളിയാകാന്‍ ചൈന, സിംഗപ്പൂര്‍, കാനഡ, ബെല്‍ജിയം അടക്കം ഒമ്പത് രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിച്ചു. തെക്കന്‍ കൊറിയ, ജര്‍മ്മനി, യുകെ, മലേഷ്യ, ഫ്രാന്‍സ് തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങള്‍.
തിരക്കേറിയ നഗരങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനാണ് ഇവര്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 400ലധികം പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളാണ് ലോകനിലവാരത്തില്‍ വികസിപ്പിക്കുവാന്‍ റെയില്‍വെ ലക്ഷ്യമിടുന്നത്.
ഒരു ലക്ഷം കോടി നിക്ഷേപം വേണ്ടിവരുന്ന പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) നടപ്പാക്കുവാനാണ് ലക്ഷ്യമിടുന്നത്. സ്റ്റേഷനുകളുടെ പുനര്‍വികസനത്തില്‍ വെറുതെ കിടക്കുന്ന റെയില്‍വേ ഭൂമിയില്‍ വാണിജ്യ സ്ഥാപനങ്ങളും മാളുകള്‍, ഹോട്ടലുകള്‍, മള്‍ട്ടിപ്ലക്സ്, പാര്‍ക്കിങ് ലോട്ട്, തുടങ്ങിയവ നിര്‍മ്മിക്കുവാനും ലക്ഷ്യമിടുന്നു.
പദ്ധതിയില്‍ പങ്കാളിയാകുന്നവര്‍ 15 വര്‍ഷത്തേയ്ക്ക് ഇവ പരിപാലിക്കേണ്ടതുണ്ട്. മുടക്ക് മുതല്‍ തിരിച്ച് ലഭിക്കുവാന്‍ 45 വര്‍ഷത്തെ ലീസാണ് നല്‍കുന്നത്. ഝാന്‍സി, ആഗ്ര സ്റ്റേഷനുകളുടെ വികസനത്തിന് ചൈനയും ന്യൂദല്‍ഹി സ്റ്റേഷന്റെ വികസനത്തിന് ദക്ഷിണ കൊറിയയും ലുധിയാന, അംബാല സ്റ്റേഷനുകളുടെ വികസനത്തിന് ഫ്രാന്‍സും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മുംബൈ സ്റ്റേഷന് കാനഡയും ഹൗറ, സെക്കന്തരാബാദ്, ഉദയ്പൂര്‍, ഫരീദാബാദ്, ഇന്‍ഡോര്‍, പൂനെ സ്റ്റേഷനുകള്‍ മലേഷ്യയും വികസിപ്പിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എട്ട് ലക്ഷം കോടി രൂപയാണ് റെയില്‍വേ വികസനത്തിനായി ചെലവഴിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 1.31 ലക്ഷം കോടി രൂപയാണ് റെയില്‍വേ ചെലവഴിക്കുന്നത്.
















