കായണ്ണ: ഊളേരിയില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ ബിജെപി, കോണ്‍ഗ്രസ് കക്ഷികളുടെ നേതൃത്വത്തില്‍ നടന്ന സമരം വിജയിച്ചതോടെ സിപിഎമ്മില്‍ ഭിന്നത രൂക്ഷമായി.
ലോക്കല്‍ കമ്മറ്റിയംഗം സി.കെ. രാജീവനെതിരെ കോളനിമുക്ക്, പാടികുന്ന് മേഖലകളില്‍ റെഡ് സ്റ്റാര്‍ കോളനിമുക്കിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെ മറുവിഭാഗവും പോസ്റ്റര്‍ പതിച്ചത് ചേരിപ്പോര് രൂക്ഷമാക്കി. ലോക്കല്‍ സെക്രട്ടറി സി. കെ. ശശിക്കെതിരെ പാടിക്കുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കോളനിമുക്ക് സിപിഎം ബ്രാഞ്ച് കമ്മറ്റി പിരിച്ചുവിടണമെന്നും, കണ്‍സ്യൂമര്‍ ഫെഡിന്റെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നുമാണ് പോസ്റ്ററില്‍ ഉള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമായ എ.എം. രാമചന്ദ്രന്‍ സംസാരിച്ചപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഊളേരി സമരത്തെപ്പറ്റി ചോദിച്ചത് ബഹളത്തിന് ഇടയാക്കിയിരുന്നു. മിക്ക കുടുംബശ്രീ യോഗങ്ങളിലും സമരത്തെക്കുറിച്ച് ചര്‍ച്ച നടന്നത് ബഹളത്തിനിടയാക്കിയിരുന്നു.
സിപിഎമ്മില്‍ ചേരിതിരിഞ്ഞുള്ള തര്‍ക്കം രൂക്ഷമായതേടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും ഏരിയ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പ്രാദേശിയ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഭിന്നത തുടരുകയാണ്. മദ്യഷാപ്പിന്റെ പേരില്‍ ഉണ്ടായ സംഭവങ്ങള്‍ സിപിഎം നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
















