ബാലുശ്ശേരി: യുവാവിനെ എസ്‌ഐ മര്‍ദ്ദിച്ച സംഭവം വിവാദമായതോടെ ബാലുശ്ശേരി പോലീസ് പ്രതികാര നടപടിക്ക്. ബാലുശ്ശേരി ബസ് സ്റ്റാന്റിലെ തട്ടുകടയിലെ തൊഴിലാളി തുരുത്യാട് കുറ്റിയുള്ളതില്‍ റാഷിദി (30)നെയാണ് കഴിഞ്ഞ ദിവസം എസ് ഐ കെ. നൗഫല്‍ മര്‍ദ്ദിച്ചത്. റാഷിദ് ആശുപത്രിയില്‍ ചികിത്സതേടുകയും സംഭവം വിവാദമാവുകയും ചെയ്തതോടെയാണ് പോലീസ് ടൗണിലെ തട്ടുകടകള്‍ക്കെതിരെ പ്രതികാര നടപടി ആരംഭിച്ചത്.
റാഷിദ് ജോലിചെയ്യുന്ന പെട്ടികട രാത്രി പത്തുമണിക്കുശേഷം പ്രവര്‍ത്തികരുതെന്നാണ് എസ്.ഐ ഇന്നലെ നല്‍കിയ നോട്ടീസില്‍ പറയുന്നത്. ബസ് സ്റ്റാന്റിലെ മറ്റൊരു ഉന്തുവണ്ടിക്കാരനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ പോലും കാന്റീന്‍ സൗകര്യമില്ലാത്ത ബാലുശ്ശേരി ടൗണില്‍ രാത്രി യാത്രക്കാരും മറ്റും തട്ടുകടകളെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍ തട്ടുകട കേന്ദ്രീകരിച്ചാണ് സാമൂഹ്യവിരുദ്ധരും കള്ളന്മാരുമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് തട്ടുകടകള്‍ക്കെതിരെ നടപടി ആരംഭിച്ചതെന്നാണ് വിശദീകരണം. എന്നാല്‍ റാഷിദ് പോലീസിനെതിരെ പരാതി നല്‍കിയതാണ് പ്രതികാര നടപടിക്ക് കാരണമായതെന്നാണ് സംസാരം.
















