കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്റെ ശുചീകരണത്തിന്റെ കെടുകാര്യസ്ഥത തെളിയിച്ച് കോര്‍പ്പറേഷന്‍ ഓഫീസിന് മൂക്കിന് താഴെ മാലിന്യക്കൂമ്പാരം. കോര്‍പ്പറേഷന്‍ ആസ്ഥാന മുറ്റത്താണ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നീക്കം ചെയ്ത മാലിന്യങ്ങള്‍ ചാക്കുകളിലാക്കി കൂനകൂട്ടിയിട്ടിരിക്കുന്നത്.
ശുചീകരണം ഊര്‍ജ്ജിതമാക്കാന്‍ ആഹ്വാനം ചെയ്ത ഭരണകൂടം തന്നെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കൂട്ടിയിട്ടത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരും നേതാക്കളും നാടുനീളെ ശുചീകരണം നടത്തുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ ഭരണകൂടത്തിന്റെ ഓഫീസിനു മുറ്റത്ത് മാലിന്യങ്ങള്‍ നിറഞ്ഞത് ജനങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
നാടു മുഴുവന്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ മാലിന്യം നീക്കം ചെയ്യാതെ കോര്‍പ്പറേഷന്‍ കാണിക്കുന്ന കടുത്ത അനാസ്ഥയ്‌ക്കെതിരെ പ്രക്ഷോഭത്തിനുളള തയ്യാറെടുപ്പിലാണ് വിവിധ സംഘടനകള്‍.
















