തിരുവനന്തപുരം: ജിഎസ്ടിയെക്കുറിച്ചുള്ള അജ്ഞത മുതലെടുത്ത് വ്യാപാരികൾ കൊള്ളലാഭം കൊയ്യുന്നു. ഹോട്ടലുകളും റസ്റ്റോറന്റുകളുമാണ് ഇതിൽ മുന്നിട്ടു നിൽക്കുന്നത്. ജിഎസ്ടി നിലവിൽ വന്നതോടെ ഭക്ഷണവില കുറയേണ്ടതാണ്. എന്നാൽ നിലവിലെ നിരക്കിന്റെ കൂടെ ജിഎസ്ടി നിരക്ക് കൂടി ചേർത്ത് അധിക തുക ഈടാക്കുന്നു.
ഒരു നോൺ ഏസി റസ്റ്റോറന്റിലെ വെജിറ്റേറിയൻ ഊണിന് നിലവിൽ എല്ലാ നികുതിയും ഉൾപ്പെടെ സർക്കാർ നിരക്ക് അനുസരിച്ച് 75 രൂപയാണ് വില. ജിഎസ്ടി വന്നതോടെ നിലവിലെ ആകെ നികുതി 3.45 രൂപ ഒഴിവാക്കി ജിഎസ്ടി നിരക്കായ അഞ്ച് ശതമാനം കൂടി ചേർത്താൽ 75.13 രൂപയേ വാങ്ങാവൂ. അതായത് 13 പൈസ മാത്രം അധികം. എന്നാൽ ഈടാക്കുന്നത് ഇരട്ടിയിലധികം തുക.
നിലവിലുള്ളതിനേക്കാൾ വില കുറച്ച് നൽകാനും ഹോട്ടലുകാർക്ക് സാധിക്കും. കെട്ടിട വാടക, വാഹന വാടക, പരസ്യച്ചെലവുകൾ, ഭക്ഷണം പാകം ചെയ്യുന്നതിനായി വാങ്ങിക്കുന്ന ഉത്പ്പന്നങ്ങൾ എന്നിവയ്‌ക്കൊക്കെ ജിഎസ്ടിയിൽ വില കുറയുന്നു. ഇതിലൂടെ ഉത്പ്പാദന ചെലവ് കുറയും. അതിനാൽ ഭക്ഷണ പദാർത്ഥങ്ങൾക്ക് നിലവിലുള്ളതിനേക്കാൾ വിലകുറയ്‌ക്കാൻ സാധിക്കും. 14.5 ശതമാനമായിരുന്ന കോഴിയിറച്ചിയുടെ നികുതി പൂർണമായും ഒഴിവായി. അൺബ്രാന്റഡ് അരി ഉൾപ്പെടെയുള്ള ധാന്യങ്ങൾക്കും നികുതി പൂർണമായും ഒഴിവാക്കിയിട്ടുണ്ട് പഞ്ചസാരയ്‌ക്ക് നാലുശതമാനം നികുതി കുറഞ്ഞു.
നിലവിൽ സ്റ്റോക്കുള്ള എംആർപി ഉത്പ്പന്നങ്ങൾക്കും വ്യാപാരികൾക്ക് വില കുറച്ച് നൽകാനാകും. 29.6 ശതമാനമായിരുന്ന ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ്, സോപ്പ് എന്നിവയ്‌ക്കു 12 ശതമാനം കുറഞ്ഞ് നികുതി 18 ശതമാനമായി. ശർക്കരയ്‌ക്ക് 7.6 ശതമാനം നികുതി കുറഞ്ഞു. ചന്ദനത്തിരി, ഹെൽമറ്റ്, സിമന്റ് തുടങ്ങിയവയ്‌ക്കു നാലു ശതമാനം നികുതിയുടെ കുറവുണ്ടായി. മിനറൽ വാട്ടറിന് 18 ശതമാനം നികുതി കുറഞ്ഞു. ഇത്തരത്തിൽ പട്ടിക പ്രകാരം 101 ഉത്പ്പന്നങ്ങൾക്ക് വിലകുറയണം. എന്നാൽ നിലവിലെ എംആർപിയെക്കാൾ മിക്ക വ്യാപാരികളും സ്റ്റിക്കർ മാറ്റി ഒട്ടിച്ച് വിലകൂട്ടി വിൽക്കുന്നു.
പഴയ സ്റ്റോക് എന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ ജൂൺ 30 ലെ ഉത്പ്പന്നങ്ങളുടെ സ്റ്റോക്ക് നൽകിയാൽ അതനുസരിച്ച് നികുതിയിളവ് ജിഎസ്ടി നൽകും. ഇത് കഴിച്ചുള്ള വിൽപ്പന നികുതി ഒടുക്കിയാൽ മതിയാകും. എന്നാൽ ഒട്ടുമിക്ക കുത്തക വ്യാപാര സ്ഥാപനങ്ങളിലും കണക്കിൽപ്പെടാത്ത സ്റ്റോക്ക് ആണ് അധികവും. അതിനാൽ നിലവിലെ ഉത്പ്പന്നങ്ങളെ പരമാവധി വില കൂട്ടി വിൽക്കുകയാണ്.
















