കൊച്ചി : വിജിലന്‍സ് നാഥനില്ലാ കളരിയാണോയെന്നും വിജിലന്‍സിന് നിലവില്‍ ഡയറക്ടറില്ലേയെന്നും ഹൈക്കോടതിയുടെ ചോദ്യം. മുന്‍ മന്ത്രി അനൂപ് ജേക്കബ് തനിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കാന്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്.
വസ്തുതകളുടെ പിന്‍ബലമില്ലാത്ത പരാതികളെ പ്രോത്സാഹിപ്പിക്കരുതെന്നും സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടു. 2015 ഒക്ടോബര്‍ 14 ന് ഇടുക്കി ജില്ലയില്‍ ഭക്ഷ്യവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയെത്തുടര്‍ന്ന് ഒരു റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മന്ത്രിയായിരുന്ന അനൂപ് ജേക്കബ് ഇടപെട്ട് സസ്‌പെന്‍ഷന്‍ റദ്ദാക്കി.
ഇതിനെതിരെ മൂലമറ്റം സ്വദേശി വി. ഒ. അഗസ്തി നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. എന്നാല്‍ മന്ത്രിയെന്ന അധികാരം വിനിയോഗിച്ചുള്ള നടപടിയില്‍ ക്രമക്കേടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനൂപ് ജേക്കബ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് കേസില്‍ കുറ്റം നിലനില്‍ക്കുമോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
















