കോട്ടയം: രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്ന് പ്രതീക്ഷിച്ച വിധിയാണ് ഉണ്ടായിരിക്കുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ പറഞ്ഞു.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ്, സെന്റ്‌പോള്‍സ് പള്ളി സംബന്ധിച്ച കേസില്‍ ഹൈക്കോടതി വിധിക്കെതിരെ യാക്കോബായ സഭ നല്‍കിയ ഹര്‍ജി തള്ളിയ സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ സഭയെന്ന നിലയില്‍ ഭാരതത്തിലെ കോടതികളോട് വിധേയത്വം പുലര്‍ത്തിയായിരിക്കും ഓര്‍ത്തഡോക്‌സ് സഭ പള്ളികളുടെ ഭരണനിര്‍വ്വഹണം നടത്തുക. 1934ലെ സഭാ ഭരണഘടന പ്രകാരമാണ് പള്ളികള്‍ ഭരിക്കപ്പെടേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഈ ഉത്തരവ് അംഗീകരിക്കുന്നവര്‍ക്ക് മാതൃസഭയിലേക്ക് മടങ്ങിവരുന്നതിന് മറ്റ് തടസ്സങ്ങളൊന്നുമില്ല. കോടതി ഉത്തരവില്‍ അമിതാഹ്ലാദമില്ലെന്നും ബാവ വ്യക്തമാക്കി.
















