തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ നുണ പരിശോധന വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷയിന്മേലുള്ള തുടര്‍ നടപടികള്‍ തിരുവനന്തപുരം പോക്‌സോ കോടതി റദ്ദാക്കി.
കഴിഞ്ഞ മാസം ജൂണ്‍ 20 ന് പോലീസിന്റെ ആവശ്യം അംഗീകരിക്കുകയും അന്ന് തന്നെ പെണ്‍കുട്ടിയുടെ അനുമതിക്ക് നോട്ടീസ് അയയ്‌ക്കുകയും ചെയ്തു. എന്നാല്‍ ജൂണ്‍ 27 ന് കേസ് പരിഗണിച്ചപ്പോള്‍ പെണ്‍കുട്ടി ഹാജരായില്ല. നോട്ടീസ് രണ്ട് തവണ അയച്ചിട്ടും യുവതി കോടതിയില്‍ ഹാജരാകാത്തതിനാലാണ് ഹര്‍ജിയിലെ തുടര്‍ നടപടികള്‍ റദ്ദാക്കിയത്.
രണ്ട് തവണയും ഹാജരാകാത്തത് കാരണം പെണ്‍കുട്ടി നുണ പരിശോധനയ്‌ക്ക് തയ്യാറല്ലെന്ന് കരുതണമെന്നും ഇതുകൊണ്ട് തന്നെ ഹര്‍ജിയുടെ തുടര്‍നടപടി റദ്ദാക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു. കോടതി നടപടികളോട് സഹകരിച്ചില്ലെങ്കില്‍ കേസ് തള്ളുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ഈ ഹര്‍ജിയെ അതീവ പ്രാധാന്യത്തോടെയാണ് കണ്ടത്. പെണ്‍കുട്ടിയുടെ നിലപാടോടെ ബ്രെയിന്‍ മാപ്പിങ്ങ്, പോളിഗ്രാഫ് ടെസ്റ്റുകള്‍ എന്നിവ അപ്രസക്തമായി.
കാമുകന്‍ അയ്യപ്പദാസ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടി കോടതിയില്‍ ഹാജരായിട്ടില്ല. ആദ്യം പെണ്‍കുട്ടി പേട്ട പോലീസിനോട് പറഞ്ഞത് വര്‍ഷങ്ങളായി ശ്രീഹരി തന്നെ പീഡിപ്പിക്കുന്നുവെന്നാണ്. എന്നാല്‍ തൊട്ടടുത്തയാഴ്ച പെണ്‍കുട്ടി സ്വാമിയുടെ അഭിഭാഷകന് അയച്ച കത്തില്‍ പറഞ്ഞത് കാമുകന്‍ അയ്യപ്പദാസാണ് സംഭവത്തിനു പിന്നിലെ ന്നാണ്.
















