പുതുവൈപ്പ് സമരത്തിന് നേരെ പോലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ചുള്ള
സത്യഗ്രഹസമരത്തെ ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ ജാനു
അഭിസംബോധന ചെയ്യുന്നു
കൊച്ചി: വികസനം നടപ്പാക്കുമ്പോള്‍ പ്രദേശിക താത്പര്യങ്ങള്‍കൂടി ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ ജാനു. കൊച്ചി വഞ്ചി സ്‌ക്വയറില്‍ നടന്ന പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ സമരത്തിന് നേരെ പോലീസ് നടത്തിയ നരനായാട്ടിനെതിരെ നടത്തിയ സത്യാഗ്രഹസമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ജാനു.
ജനങ്ങളെ വിശ്വാസത്തിലെടുക്കാത്ത വികസനശ്രമം തകര്‍ക്കപ്പെടും. ഇത്തരം സമരങ്ങള്‍ക്ക് നേരെ പോലീസിനെ കയറൂരി വീട് തല്ലി ഒതുക്കുന്ന നടപടി ഒരു സര്‍ക്കാരിനും ഭൂഷണമല്ല. ജനകീയ സമരത്തിന് നേരേയുള്ള പോലീസ് നായാട്ട് ന്യായീകരിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി നാള്‍ക്ക് നാള്‍ അപഹാസ്യനാവുകയാണ്.
പോലീസ് നായാട്ട് സമരത്തിന്റെ ആത്മവീര്യം വര്‍ദ്ധിപ്പിക്കുമെന്ന് പിണറായി മനസ്സിലാക്കണം. പ്ലാന്റ് പിണറായിയില്‍ സ്ഥാപിച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താകുമായിരുന്നുവെന്നും അവര്‍ ചോദിച്ചു.
കേന്ദ്ര വനം പാരിസ്ഥിതി മന്ത്രാലത്തിന്റെ നിബന്ധനകളും, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവും ലംഘിച്ചുകൊണ്ടുള്ള നിയമവിരുദ്ധമായ നിര്‍മ്മാണത്തിന് ഒത്താശ ചെയ്യുന്ന പിണറായി മുതലാളിമാര്‍ക്ക് ദാസ്യവേലചെയ്യുകയാണെന്ന് ജാനു ആരോപിച്ചു. പന്തലില്‍ സത്യഗ്രഹം നടത്തുന്ന നഴ്‌സ്മാര്‍ക്കും ജാനു പിന്തുണ പ്രഖ്യാപിച്ചു.
















