ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളിലെ ടീമംഗങ്ങള്‍ പാലിക്കേണ്ട നിബന്ധനകളായി. മത്സരങ്ങളില്‍ പങ്കെടുക്കുന്ന ചുണ്ടന്‍ വ ള്ളങ്ങളും ചെറുവളളങ്ങളും വനിതാ വള്ളങ്ങളും ഏഴു ദിവസം പരിശീലനം നടത്തണം.
പരിശീലനം ഏഴു ദിവസത്തില്‍ കുറഞ്ഞാല്‍ ബോണസിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. മത്സരദിവസം മത്സരം കഴിയുന്നത് വരെ എല്ലാ സമയത്തും യൂണിഫോമായ, കൈയില്ലാത്ത ബനിയനും നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിനല്‍കുന്ന ഐഡന്റിറ്റി കാര്‍ഡും ധരിക്കണം. മാസ്ഡ്രില്ലില്‍ പങ്കെടുക്കാന്‍ വൈകിയെത്തുന്ന വളളങ്ങള്‍ക്കും പങ്കെടുക്കാത്ത വളളങ്ങള്‍ക്കും ബോണസില്‍ 25 ശതമാനം കുറവു വരുത്തും.
ചുണ്ടന്‍വളളങ്ങളില്‍ 75 തുഴക്കാരില്‍ കുറയാനും 95 തുഴക്കാരില്‍ കൂടാനും പാടില്ല. എ ഗ്രേഡ് വെപ്പ് ഓടി 45 മുതല്‍ 60 തുഴക്കാര്‍ വരെ, ബി ഗ്രേഡ് വെപ്പ് ഓടി 25 മുതല്‍ 35 വരെ തുഴക്കാര്‍, ചുരുളന്‍ 25 മുതല്‍ 35 വരെ തുഴക്കാര്‍. ഇരുട്ടുകുത്തി രണ്ടാംതരം ‘ബി’ വിഭാഗത്തില്‍ 25 മുതല്‍ 35 വരെ തുഴക്കാര്‍, (തെക്കനോടി 30 ല്‍ കുറയാത്ത തുഴക്കാര്‍ എന്നിങ്ങനെ) കയറണം.
ഈ തുഴക്കാര്‍ക്ക് പുറമേ നിലക്കാരും പങ്കായക്കാരും ഉണ്ടായിരിക്കേണ്ടതാണ്. വളളംകളിയില്‍ പങ്കെടുക്കുന്ന തുഴച്ചില്‍കാര്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം.
മത്സരത്തിന് തടസ്സം വരുത്തുന്ന വിധം ഏതെങ്കിലും പ്രവൃത്തികള്‍ ഉണ്ടാക്കുകയോ ഫിനിഷിങ് അടയാളം കൃത്യസമയത്തിനകം കടക്കാതെ വരുകയോ ചെയ്താല്‍ വളളങ്ങളെ അയോഗ്യരാക്കും. ക്യാപ്റ്റന്റേയും ടീം ക്യാപ്റ്റന്റേയും ക്ലബിന്റെയും പേരില്‍ നടപടിയെടുക്കും. വനിതാ വളളങ്ങളില്‍ പരമാവധി അഞ്ചു പുരുഷന്മാര്‍ മാത്രമേ പാടുളളൂ, അവര്‍ തുഴയാന്‍ പാടില്ല.
















