ന്യൂദല്‍ഹി: ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് സംസാരിച്ച നടന്മാരായ ദിലീപ്, സലിംകുമാര്‍, നിര്‍മ്മാതാവ് സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി.
ആക്രമിക്കപ്പെട്ട നടിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിതാ കുമാരമംഗലത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ക്രൂരമായ ആക്രമണത്തിന് വിധേയയായ നടിയെ മാനസികമായി തളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും രാഷ്‌ട്രീയ സമ്മര്‍ദ്ദത്താല്‍ ഗൂഢാലോചന അന്വേഷിച്ചില്ല.
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ രക്ഷപ്പെടുത്തുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ദിലീപ് സംശയനിഴലിലുള്ള വ്യക്തി കൂടിയാണ്. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
















