നാസിക്ക് : വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ മാവേലിക്കരയില്‍ അരങ്ങേറിയ സുകുമാരക്കുറുപ്പ് സംഭവത്തിന് സമാനമായ കൊലപാതകം നാസിക്കിലും. നാലുകോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരന്‍ രാംദാസ് വാഗയാണ് കൊലപാതകം നടത്തിയത്.
ഒരു ഹോട്ടല്‍ ജീവനക്കാരനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം കാറുകയറ്റി മുഖം വികൃതമാക്കി. കൊല്ലപ്പെട്ടത് താനാണെന്ന് വരുത്തിതീര്‍ക്കാന്‍ രാംദാസ് വാഗ തന്റെ എടിഎം കാര്‍ഡും ടെലിഫോണ്‍ ബില്ലും മൃതദേഹത്തില്‍ തിരികിവച്ചു.നാസിക്കിലെ ട്രിംബേക്ക്‌സ്‌വാറില്‍ ജൂണ്‍ ഒമ്പതിനാണ് മൃതദേഹം കണ്ടെത്തിയത്. തുടക്കത്തില്‍ ഇതൊരു അപകടമരണമാണെന്ന് കരുതി പോലീസ് കേസെടുത്തു. മൃതദേഹത്തില്‍ നിന്ന് എടിഎം കാര്‍ഡും മറ്റു രേഖകളും കണ്ടെടുത്തതോടെ മരിച്ചയാള്‍ രാംദാസ് വാഗയാണെന്ന് വ്യക്തമായി.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഥമാറി. കൊലപാതകമാണെന്ന് തെളിഞ്ഞു. ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.രാംദാസിന്റെ സുഹൃത്തുക്കളെയും വീട്ടുകാരെയും പോലീസ് സമീപിച്ചതോടെ അവര്‍ സ്തംബ്ദരായി. പോലീസ് മരിച്ചെന്ന് പറയുന്നയാള്‍ ഇപ്പോഴും ജീവനോടെയുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
പ്രാദേശീക ഹോട്ടലിലെ ജീവനക്കാരനായ മുബാറക്ക് ചന്ദ് പാഷയാണ് കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞു. രാംദാസും മറ്റുമൂന്ന് പേരും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഗൂഡാലോചനയുടെ മുഖ്യ സൂത്രധാരനായ രാംദാസ് വാഗ നാലുകോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
മാവേലിക്കരയില്‍ 1984 ജനുവരി 22 നാണ് സുകുമാരക്കുറുപ്പ് സംഭവം നടത്തത്. ഈ കേസിലെ മഖ്യ പ്രതിയായ സുകുമാരക്കുറപ്പ് ഇപ്പോഴും ഒളിവിലാണ്.
















