ഇടുക്കി: പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപം അതീവ സുരക്ഷാ മേഖലയില്‍ നിര്‍മ്മിച്ച പ്ലം ജൂഡി റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ റവന്യൂ വകുപ്പ് പ്രതിക്കൂട്ടില്‍. രണ്ടരമാസം മുന്‍പ് പാറവീഴ്ചയെത്തുടര്‍ന്നാണ് റിസോര്‍ട്ട് പൂട്ടി ആളെ ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് ഉത്തരവിട്ടത്.
പാറ വീണ് റിസോര്‍ട്ടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. തകര്‍ന്ന കാറുകള്‍ നീക്കി പാറവീഴ്ച മറച്ച് വയ്‌ക്കാന്‍ റിസോര്‍ട്ടുടമകള്‍ ശ്രമിച്ചിരുന്നു. മാധ്യമവാര്‍ത്തയെത്തുടര്‍ന്ന് ദേവികുളം ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെത്തി പരിശോധന നടത്തി അഞ്ച് നിലകളുള്ള ഹോട്ടല്‍ പൂട്ടണമെന്ന് നിര്‍ദേശിച്ച് ജില്ലാഭരണകൂടത്തിന് കത്ത് നല്‍കി. ഇതേത്തുര്‍ന്നാണ് ഹോട്ടലിലെ ആളുകളെ ഒഴിപ്പിച്ച് ഹോട്ടല്‍ പൂട്ടാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നത്.
ബെംഗളൂരുവില്‍ നിന്നുള്ള ജിയോളജിക്കല്‍ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ വീണ്ടും പാറവീഴ്ച ഉണ്ടാകാനിടയുള്ള പ്രദേശമാണ് പൈപ്പ് ലൈന്‍ ഭാഗമെന്ന് വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദ്ദേശം അവഗണിച്ചാണ് റിസോര്‍ട്ട് വീണ്ടും തുറക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്. തെരഞ്ഞെടുപ്പുകളില്‍ ഇടത് പക്ഷവുമായി രഹസ്യ ധാരണയുണ്ടാക്കുന്ന ജില്ലയിലെ ഒരു കോണ്‍ഗ്രസ് നേതാവാണ് റിസോര്‍ട്ട് വീണ്ടും തുറക്കാന്‍ കളമൊരുക്കിയതെന്നാണ് ആരോപണം.
നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മ്മിച്ച സമയത്ത് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മൊ നല്‍കിയിരുന്നപ്പോള്‍ ഈ നേതാവ് റിസോര്‍ട്ടുകാര്‍ക്ക് വേണ്ടി സ്ഥിരമായി ഉദ്യോഗസ്ഥരുമായി ഇടപെട്ടിരുന്നു. ഈ നേതാവ് റിസോര്‍ട്ടിന്റെ നിശബ്ദ പങ്കാളിയാണെന്നും ആരോപണമുണ്ട്. ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കാതെ റിസോര്‍ട്ട് തുറക്കാന്‍ ജില്ലാകളക്ടര്‍ അനുമതി നല്‍കിയതോടെ റവന്യൂ വകുപ്പിനുള്ളിലെ ആഭ്യന്തര കലഹത്തിനും ആക്കം കൂടിയിരിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പേരിലാണ് റിസോര്‍ട്ട് തുറക്കാന്‍ അനുമതി നല്‍കിയതെന്നാണ് കളക്ട്രേറ്റില്‍ നിന്നുള്ള വിശദീകരണം. ജില്ലാഭരണകൂടം അനുമതി നല്‍കുന്നതിന് രണ്ടാഴ്ച മുന്‍പ് റിസോര്‍ട്ട് പ്രവര്‍ത്തിച്ച വിവരം ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
















