അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കവര്‍ന്ന പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍മ്മസമിതി നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യുന്നു. എ.ആര്‍. കണ്ണന്‍, ശങ്കരന്‍ നായര്‍ എന്നിവര്‍ സമീപം
അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കവര്‍ന്നത് സംരക്ഷിക്കേണ്ടവര്‍ തന്നെയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു. തിരുവാഭരണം കവര്‍ച്ച ചെയ്ത കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവാഭരണമോഷണം വന്‍ ഗൂഢാലോചനയുടെ ഭാഗമാണ്. കുറ്റക്കാരെ വ്യക്തമായി അറിയാവുന്ന എഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥര്‍ തിരക്കഥ രചിക്കുകയാണ്. നഷ്ടപ്പെട്ട തിരുവാഭരണം നശിപ്പിച്ച നിലയില്‍ തിരികെ കിട്ടി എന്ന കാരണത്താലാണ് പ്രതികളെ സംരക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് കേസ് അട്ടിമറിച്ചത്. ക്ഷേത്രക്കവര്‍ച്ച തടയാന്‍ രൂപീകരിച്ച ടെമ്പിള്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. ക്ഷേത്രങ്ങളില്‍ നടക്കുന്ന മോഷണങ്ങളിലെ പ്രതികളെ പിടികൂടുന്നതില്‍ വീഴ്ച വരുത്തുന്നതിനെതിരെ ഭക്തജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. പ്രതിഷേധ യോഗത്തില്‍ ആര്‍. ശങ്കരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.ആര്‍. കണ്ണന്‍, അനില്‍ പാഞ്ചജന്യം, ഡി. സുഭാഷ്, എന്‍. സുന്ദരേശന്‍, ബിജു സാരംഗി എന്നിവര്‍ സംസാരിച്ചു.
















