കോഴിക്കോട്: ത്രിതല പഞ്ചായത്തുകളിലെ പരിതാപകരമായ പദ്ധതി പ്രവൃത്തി ശരാശരിയെങ്കിലുമാക്കാന്‍ സര്‍ക്കാര്‍, ജീവക്കാരില്‍ സമ്മര്‍ദ്ദക്കുരുക്കൊരുക്കുന്നു.
പ്രവൃത്തി സ്തംഭിച്ചതിന് കാരണം നിര്‍വ്വഹണ ഉദ്യോഗസ്ഥരെന്ന് തോന്നിപ്പിച്ച് അവരെക്കൊണ്ട് വിശ്രമമില്ലാതെ പണിയെടുപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. തുടര്‍ച്ചയായുള്ള യോഗം, അവലോകനം, മന്ത്രിതലത്തിലുള്ള വീഡിയോ കോണ്‍ഫറന്‍സ് എന്നിവ ഇനിയുണ്ടാകും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജില്ലാ ആസൂത്രണ സമിതി (ഡിപിസിസി) യോഗം ആഴ്ചയില്‍ കൂടാനും തീരുമാനമായി. ഇതുവരെ മാസത്തിലൊരുതവണയായിരുന്നു ഇത്. ഇനിയുള്ള ഡിപിസിസിയില്‍ പദ്ധതിയുടെ അംഗീകാരം, നിര്‍വ്വഹണം എന്നിവ സംബന്ധിച്ച് വിശദമായ വിലയിരുത്തല്‍ നടത്തണം. പദ്ധതി പുരോഗതിക്കാവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രത്യേക നിര്‍ദ്ദേശമുണ്ട്.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴികെയുള്ള കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക്, മാര്‍ച്ച് 31 വരെ അവധിയും നല്‍കില്ല. സ്ഥാനക്കയറ്റം/സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥര്‍ ഉടന്‍ വിടുതല്‍ ചെയ്ത് പുതിയ ഓഫീസുകളില്‍ ജോലിയില്‍ പ്രവേശിക്കണം. മെഡിക്കല്‍ അവധിയിലല്ലാത്തവര്‍ അത് റദ്ദാക്കി ജോലിക്കെത്തണം. സെക്രട്ടറിമാരുടെ ദീര്‍ഘകാല അവധി അപേക്ഷ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗങ്ങളില്‍ കീഴ് ജീവനക്കാര്‍ക്ക് ശകാരവും പതിവായി.
2016-17 വാര്‍ഷിക പദ്ധതി തീരാന്‍ ഇനി 53 ദിവസമേയുള്ളൂ. ഇതില്‍ പത്തോളം അവധി ദിവസങ്ങളാണ്. നാളിതുവരെയില്ലാത്തവിധം തകര്‍ച്ചയിലാണ് വികസന പ്രവൃത്തി. ഇതുവരെയായി 24 ശതമാനമേ തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതി തുക വിനിയോഗിച്ചിട്ടുള്ളൂ. മുന്‍ വര്‍ഷങ്ങളില്‍ ചെലവഴിക്കല്‍ 80 ശതമാനത്തിന് മുകളിലായിരുന്നു. ഫെബ്രുവരിയില്‍ അത് 40 ശതമാനവുമായിരുന്നു. ഈ തലത്തിലേക്കൊന്നും ഇത്തവണ പുരോഗതി ഉണ്ടാകില്ലന്നാണ് സൂചന. അതിന്റെ വെപ്രാളമാണിപ്പോള്‍ സര്‍ക്കാറിന്. പിണറായി സര്‍ക്കാറിന്റെ അനാസ്ഥയാണ് ഈ ദുരവസ്ഥയ്‌ക്ക് കാരണം. ത്രിതല പഞ്ചായത്തുകളില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ നൂറുകണക്കിന് ഒഴിവാണുള്ളത്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍, പദ്ധതി ക്ലാര്‍ക്ക് എന്നിവരുടെ കുറവ് സംസ്ഥാനത്തെ പല തദ്ദേശസ്ഥാപനങ്ങളിലും പ്രവര്‍ത്തനത്തെ തളര്‍ത്തി. ചിലയിടങ്ങളിലൊന്നും പദ്ധതി ക്ലാര്‍ക്കില്ല.
രണ്ടും മൂന്നും പഞ്ചായത്തുകളുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റെ എഞ്ചിനീയര്‍മാരുമുണ്ട്. ഒഴിവുകള്‍ നികത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നടപടി ഉണ്ടായില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രൈസ് എന്ന പുതിയ സോഫ്റ്റ് വെയര്‍ നടപ്പാക്കിയതും ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ കാലതാമസമുണ്ടായതും ചട്ടങ്ങള്‍ തുടരെ മാറ്റിയതും പ്രവര്‍ത്തനത്തെ തളര്‍ത്തി. ടാറിന്റെ (ബിറ്റുമിന്‍) സര്‍ക്കാര്‍ വിതരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും പദ്ധതി പ്രവര്‍ത്തനത്തെ ബാധിച്ചു.
















