ന്യൂദല്‍ഹി: പരിശീലനം പൂര്‍ത്തിയാക്കിയ അറുപതോളം കോബ്ര ട്രെയിനി കമാന്‍ഡോകളെ ട്രെയിനില്‍ നിന്നും കാണാതായതായി റിപ്പോര്‍ട്ട്. തങ്ങളുടെ ആദ്യ ദൗത്യത്തിനായി പോകും വഴിയാണ് ഇവരെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്.ബിഹാറിലെ ആദ്യ ദൗത്യത്തിനായി യാത്ര തിരിച്ച സംഘമാണ് അപ്രത്യക്ഷമായത്. ഇവര്‍ കടന്നു കളഞ്ഞതാണോയെന്നു സംശയിക്കുന്നുണ്ട്. കോണ്‍സ്റ്റബിള്‍ റാങ്കിലുളളവരാണ് കാണാതായ എല്ലാവരുമെന്നാണ് വിവരം. 2011ല്‍ റിക്രൂട്ട് ചെയ്ത ഇവരുടെ പരിശീലനകാലാവധി പൂര്‍ത്തിയായിട്ടേയുണ്ടായിരുന്നുളളൂ.
കാണാതായവരില്‍ മിക്കവരും ഉത്തര്‍പ്രദേശ്, ബിഹാര്‍ സ്വദേശികളാണ്. ബിഹാറിലെ ഗയയിലുളള 205ആം കോബ്ര യൂണിറ്റില്‍ ഇന്നു റിപ്പോര്‍ട്ട് ചെയ്യേണ്ടവരാണിവര്‍. ബിഹാറിലെ മാവോയിസ്റ്റ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കുന്നതിനാണ് ഇവരെ അയച്ചിരുന്നത്.അതേസമയം കാണാതെയായവരില്‍ ചിലരുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടതായും അവര്‍ നാളെത്തന്നെ സൈനികാസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഉറപ്പു നല്‍കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
നക്‌സല്‍ വേട്ടയ്‌ക്കു പരിശീലനം ലഭിച്ച കമാന്‍ഡോകളാണ് കോബ്ര. വനാന്തരങ്ങളില്‍ നക്‌സലുകളുമായി ഏറ്റു മുട്ടാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇവര്‍.
സി.ആര്‍.പി.എഫിനു കീഴില്‍ കോബ്ര യൂണിറ്റ് സ്ഥാപിതമാകുന്നത് 2009ലാണ്. വടക്കു കിഴക്കന്‍ പ്രവിശ്യകളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിനായി ഗറില്ല യുദ്ധമുറയിലടക്കം പരിശീലനം നല്‍കുന്ന പ്രത്യേക കമാന്‍ഡോ വിഭാഗമാണിത്.
















