കടുത്തുരുത്തി: രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ വീട് തകര്‍ന്നു വീണു. വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന വൃദ്ധ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. തിരുവമ്പാടി ചിറനിരപ്പ് മഞ്ഞപ്പള്ളിക്കുന്നേല്‍ ലിസി ഡേവിഡിന്റെ (62) വീടാണ് ദിവസം ശക്തമായ മഴയില്‍ തകര്‍ന്നുവീണത്.
രാത്രിയില്‍ വീടിന് മുകളില്‍ നിന്നും ശബ്ദം കേട്ട് ലിസി ഉണര്‍ന്നപ്പോള്‍ മേല്‍ക്കൂര താഴേക്കു അമരുന്നതാണ് കാണുന്നത്. ഉടന്‍തന്നെ ഒച്ചവെച്ച് മകന്‍ സജീവിനെ വിളിച്ചെഴുന്നേല്‍പിച്ചു. സജീവ് ഉറക്കത്തിലായിരുന്ന വല്ല്യപ്പന്റെ സഹോദരി സാറാമ്മ (85) യെയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. മൂവരും വീടിന് വെളിയില്‍ എത്തിയ ഉടന്‍തന്നെ വന്‍ശബ്ദത്തോടെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു വീണു. വീട് തകര്‍ന്നതോടെ ഇവര്‍ക്ക് കേറികിടക്കാന്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ്. പ്രായമായ വൃദ്ധയുമായി എവിടെ കഴിയുമെന്നതാണ് കുടുംബത്തെ അലട്ടുന്നത്. 40 വര്‍ഷത്തിലേറേ പഴക്കമുള്ള വീട് തകര്‍ച്ചയിലായതോടെ ഭവന നിര്‍മാണത്തിന് സഹായം കിട്ടുമോയെന്നറിയാന്‍ കടുത്തുരുത്തി ബ്ലോക്കിലും ഞീഴൂര്‍ പഞ്ചായത്തിലും അന്വേഷിച്ചു ചെന്നെങ്കിലും സഹായം ലഭിച്ചില്ലെന്നും ഇവര്‍ പറയുന്നു.
















