കൊട്ടാരക്കര: വായനാദിനത്തില്‍ വാത്മീകി രാമായണത്തിന്റെ മൊഴിമാറ്റം പൂര്‍ത്തിയാക്കി ഡോ.വി.എസ്. ഇടയ്‌ക്കിടത്ത്. വാത്മീകിയുടെ ആശ്രമത്തില്‍ നാരദമുനി എത്തുന്ന രംഗം മുതല്‍ സരയൂ നദിയില്‍ ശ്രീരാമന്റെ സ്വര്‍ഗാരോഹണം വരെ രാമായണത്തിലൂടെ ഒരു തീര്‍ത്ഥയാത്ര നടത്തിയാണ് നീണ്ടനാളത്തെ സപര്യ അദ്ദേഹം പൂര്‍ത്തിയാക്കിയത്.
‘ഭാഷാ വാത്മീകിരാമായണം’ എന്നു പേരിടുന്ന പുസ്തകം മലയാളമറിയുന്ന ആര്‍ക്കും എളുപ്പത്തില്‍ വായിക്കാനും ഗ്രഹിക്കാനും കഴിയുമെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. 25 വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് കൊല്ലം ജില്ലാ ആശുപത്രിയില്‍ കഴിയുമ്പോള്‍ സുഹൃത്ത് സമ്മാനിച്ച സംസ്്കൃതത്തിലുള്ള വാത്മീകി രാമായണം നീണ്ട നാളത്തെ പരിശ്രമത്തിന് ശേഷമാണ് ശുദ്ധമലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.
കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപം ‘ലിപി’യില്‍ ഡോ. വി. സുരേന്ദ്രന്‍ ഇടയ്‌ക്കിടത്ത് (63) എന്ന വി.എസ്. ഇടയ്‌ക്കിടം കൊട്ടാരക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വിദ്യാഭ്യാസ വകുപ്പില്‍ റീഡര്‍ ആയിരിക്കെ 1997ല്‍ സ്വയം വിരമിച്ച് എഴുത്തിന്റെ ലോകത്ത് വ്യാപരിച്ചു.
വിവര്‍ത്തനങ്ങള്‍, പഠനങ്ങള്‍, നോവലുകള്‍ എന്നിങ്ങനെ 12 പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനായി പൂര്‍ത്തിയാക്കി. അതില്‍ അവസാനത്തേതാണ് ഇന്നലെ പൂര്‍ത്തിയാക്കിയ രാമായണ മൊഴിമാറ്റം.
ഭാരതീയ വിജ്ഞാനങ്ങളിലും പുരാണങ്ങളിലുമുള്ള അവഗാഹം രചനകളില്‍ പ്രതിഫലിക്കുന്നത് വായനക്കാര്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. ഡോക്ടറേറ്റ് ലഭിച്ച പ്രബന്ധത്തെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച ‘ഉപനിഷത്ത്’ഓണ്‍ എഡ്യൂക്കേഷന്‍” എന്ന പുസ്തകത്തിനും”കണ്വമാനസി” എന്ന പഠന ഗ്രന്ഥത്തിനും ഭാരത സര്‍ക്കാരിന്റെ അംഗീകാരവും പാരിതോഷികവും ലഭിച്ചു.
വീട്ടിലൊരുക്കിയ സ്വകാര്യ ലൈബ്രറിയില്‍ രണ്ടായിരത്തിലധികം അമൂല്യ ഗ്രന്ഥങ്ങളുടെ ശേഖരമുണ്ട്. അദ്ധ്യാപികയായിരുന്ന ഭാര്യ പുഷ്പയും അദ്ധ്യാപകരായ മക്കള്‍ സൂരജും സുനീതിയുമാണ് എഴുത്തിന്റെ ലോകത്ത് വലിയ പ്രോത്സാഹനമെന്ന് വി.എസ്. ഇടയ്‌ക്കിടം പറഞ്ഞു. വായനാദിനത്തില്‍ തന്നെ തന്റെ ചിരകാലാഭിലാഷമായിരുന്ന രചന പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
















