കൊച്ചി: മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ വിധിയോടെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ശക്തനായി, മുഖ്യമന്ത്രിക്ക് കൂടുതല്‍ സൗകര്യമായി. ഐഎഎസ്സുകാര്‍ക്കു മേല്‍ ഐപിഎസ്സുകാരുടെയും സര്‍ക്കാരിന്റെയും കുതിരകയറ്റം കൂടുതല്‍ വീറോടെയാകും. ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദിന് തുടരണമോ എന്ന് സ്വയം നിശ്ചയിക്കാം. പിണറായി വിജയന്, തോമസ് ഐസക്കിനുമേല്‍ ഒരു വിജയംകൂടിയായി.
വിവിധ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഹര്‍ജികളിലെ നാലെണ്ണത്തില്‍ മൂവാറ്റുപുഴ വിജിലന്‍സ് പ്രത്യേക ജഡ്ജി വിധി പറഞ്ഞു. ഹര്‍ജിക്കാരന് അവസരം നല്‍കിയിട്ടും ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിധി. ജേക്കബ് തോമസിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജിയുണ്ട്. അതിലെ വിധി വരാനിരിക്കുന്നതേയുള്ളു. എന്നാല്‍ മൂവാറ്റുപുഴയിലെ വിധിയോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.
ജേക്കബ് തോമസിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍, മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ദ്രുതപരിശോധന നടത്തി തള്ളിയതാണെന്ന് അഡീഷണല്‍ ലീഗല്‍ അഡൈ്വസറുടെ നിരീക്ഷണം വിധിയില്‍ കോടതി എടുത്തു പറയുന്നു. ഇത് നിര്‍ണ്ണായകമാണ്.
ജേക്കബ് തോമസിനെതിരേ, ധനകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറിയായിരിക്കെ കെ. എം. അബ്രഹാം അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത കോടതി ചോദ്യം ചെയ്യുന്നു, റിപ്പോര്‍ട്ടു സമര്‍പ്പിച്ച ഉദ്യോഗസ്ഥനെതിരെ ഇന്നത്തെ ഡയറക്ടര്‍ അന്വേഷണം നടത്തുകയാണെന്നും നിഷ്പക്ഷ ഏജന്‍സിയുടെ റിപ്പോര്‍ട്ടല്ല അതെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ആ ഔദ്യോഗിക രഹസ്യ റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു നല്‍കിയ അതി രഹസ്യ റിപ്പോര്‍ട്ടും ഹര്‍ജിക്കാരന് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കണമെന്ന കോടതി നിര്‍ദ്ദേശമാണ് തോമസ് ജേക്കബിനും മുഖ്യമന്ത്രിക്കും കിട്ടിയ തുറുപ്പുചീട്ട്. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ പരാതിയും പണിമുടക്കുമായിറങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള കടുത്ത നീക്കത്തിന് ഈ നിര്‍ദ്ദേശം മതി. അവരെ വരച്ച വരയില്‍ നിര്‍ത്താന്‍ കിട്ടിയ അവസരം. സ്വാഭാവികമായും ഐഎഎസ്-ഐപിഎസ് പോര് രൂക്ഷമാകും.
മുഖ്യമന്ത്രി പിണറായിയും ജേക്കബ് തോമസും ഐപിഎസ് ലോബിയും സന്തോഷിക്കുമ്പോള്‍, പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ധനമന്ത്രി തോമസ് ഐസക്കുകൂടിയാണ്. ധനകാര്യ അഡീഷണല്‍ സെക്രട്ടറിയായ, കെ. എം. അബ്രഹാമിനെ അന്ധമായി പിന്തുണയ്‌ക്കുന്നതിന്.















