ചെന്നൈ: മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ തയാറെടുക്കുന്ന ശശികലയ്ക്കെതിരെ എഐഎഡിഎംകെയില്‍ കലാപം. നാല്‍പ്പതിലേറെ എം.എല്‍.എമാര്‍ ശശികല മുഖ്യമന്ത്രിയാകുന്നതിനെ എതിര്ക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി.
ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പാണ്ഡ്യന് ആരോപിച്ചു. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെപ്തംബര്‍ 22ന് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കമുണ്ടായി. ജയലളിതയെ ആരോ പിടിച്ചുതള്ളി, അവര്‍ താഴെ വീണു. ഈ സംഭവത്തില്‍ ജയലളിത ഏറെ ദു:ഖിതയായിരുന്നുവെന്നും പാണ്ഡ്യന് ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2011 ല്‍ പാര്‍ട്ടിയില്‍ നിന്നും വീട്ടില്‍ നിന്നും ശശികലയെ ജയലളിതയെ പുറത്താക്കിയതാണ്. അങ്ങനെയൊരാള്‍ പിന്നീട് മാപ്പ് പറഞ്ഞ് കൂടെക്കൂടുന്നതും ഇപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നതും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശശികല മുഖ്യമന്ത്രിയാകണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജയലളിത തന്നെ തന്നോട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
സപ്തംബര്‍ 22 മുതല്‍ ഇതുവരെ ഞാന്‍ മൗനം അവലംബിക്കുകയായിരുന്നു. രണ്ട് ദിവസമായി നടക്കുന്ന കാര്യങ്ങള്‍ കാരണമാണ് ഞാന്‍ മൗനം വെടിഞ്ഞത്.ജയലളിതയ്ക്ക് നല്കിയ ചികിത്സയെക്കുറിച്ച് ആരെയും ഒന്നും അറിയിച്ചില്ല. അപ്പോളോ ആശുപത്രിയിലെ പ്രതാപ് റെഡ്ഡി ഞങ്ങളോട് പറഞ്ഞത് എന്നോട് ക്ഷമിക്കണമെന്നും പ്രാര്‍ഥിക്കാനുമാണ്-പാണ്ഡ്യന് പറഞ്ഞു.പാണ്ഡ്യന്റെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ ജയലളിതയുടെ അനന്തരവള്‍ ദീപാ ജയകുമാറും രംഗത്തെത്തി.
ശശികലയെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ദീപയുടെ ആരോപണം. മുഖ്യമന്ത്രിയാകേണ്ടത് ജനം തെരഞ്ഞെടുത്ത നേതാവാണ്. ശശികലയ്ക്കല്ല ജനങ്ങള്‍ വോട്ട് നല്‍കിയത്.
രാജി പിന്‍വലിക്കുമെന്ന് പനീര്‍ ശെല്‍വം
ചെന്നൈ: തന്നെ മന്ത്രി ഉദയകുമാര്‍ നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചതാണെന്ന് ഒ. പനീര്‍ ശെല്‍വം. വേണ്ടിവന്നാല്‍ താന്‍ രാജി പിന്‍വലിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമ്മയുടെ( ജയലളിത) ആത്മാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഞാന്‍ മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത ഒരാളെ മുഖ്യമന്ത്രിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
















