ചെന്നൈ: നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രി ശശികല നടരാജനെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് രാജിവച്ച മുഖ്യമന്ത്രിയും മുതിര്‍ന്ന എഐഎഡിഎംകെ നേതാവുമായ ഒ പനീര്‍ശെല്‍വം വീണ്ടും രംഗത്ത്.
ശശികലയ്‌ക്ക് അധികാരത്തോട് ആര്‍ത്തിയാണെന്നും കഴിഞ്ഞ ദിവസത്തെ തന്റെ വെളിപ്പെടുത്തലുകള്‍ ഉത്തമബോധ്യത്തോടെയാണെന്നും പനീര്‍ശെല്‍വം ഇന്നും തുറന്നടിച്ചു. മുഖ്യമന്ത്രിയാകാന്‍ ശശികല അസാധാരണ തിടുക്കം കാണിക്കുന്നു. താന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരുന്നില്ല. ജയലളിതയുടെ മരണത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ക്കില്ലെന്നും അതേക്കുറിച്ച് പറയേണ്ടത് ഡോക്ടര്‍മാരാണെന്നും പനീര്‍ശെല്‍വം പറഞ്ഞു. അവസാനകാലത്ത് ജയലളിതയെ കാണുന്നതില്‍ നിന്ന് തന്നെ വിലക്കിയിരുന്നുവെന്നും പനീര്‍ശെല്‍വം ആരോപിച്ചു.
ചൊവ്വാഴ്ച രാത്രിയിലാണ് പനീര്‍ശെല്‍വം ആദ്യം ശശികലയ്‌ക്കെതിരെ രംഗത്തെത്തിയത്. രാത്രി 10 മണിയോടെ ജയലളിതയുടെ സമാധിയിലെത്തിയ പനീര്‍ശെല്‍വം 40 മിനിറ്റോളം ധ്യാനത്തിലിരുന്ന ശേഷം അദ്ദേഹം അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചെന്നും ചില സത്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും പറഞ്ഞു. തന്നെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും നിര്‍ബന്ധിച്ച് രാജി വയ്‌പ്പിച്ചതാണ്. എംഎല്‍എ മാരുടെ യോഗം വിളിച്ചതു പോലും താനറിഞ്ഞില്ല. മുഖ്യമന്ത്രിയാക്കി തന്നെ അപഹാസ്യനാക്കി. മന്ത്രിസഭയിലുള്ളവര്‍ തന്നെ അപമാനിച്ചു. എന്തിനാണ് എന്നെ ഇങ്ങനെ അപമാനിക്കുന്നതെന്നും പനീര്‍ശെല്‍വം ചോദിച്ചിരുന്നു.
പുതിയ വെളിപ്പെടുത്തലുകളോടെ തമിഴ്‌നാട് രാഷ്‌ട്രീയം കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ്.
















