ലോ അക്കാദമി സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് ആഹ്ലാദ പ്രകടനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍- വി.വി അനൂപ്
തിരുവനന്തപുരം: വിദ്യാര്‍ത്ഥി കൂട്ടായ്‌മയ്‌ക്കു മുന്‍പില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയതോടെ ലോ അക്കാദമി സമരം ഒത്തുതീര്‍ന്നു. വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മാനേജ്‌മെന്റ്, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി കൂടി ഒപ്പിട്ട കരാറിനും രൂപം നല്‍കി.
ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യും. യൂണിവേഴ്‌സിറ്റി നിയമപ്രകാരം യോഗ്യതയുള്ള പ്രിന്‍സിപ്പാളിനെ നിയമിക്കും. അഞ്ചു വര്‍ഷത്തേക്ക് ലോ അക്കാദമിയില്‍ അധ്യാപികയായി പോലും ലക്ഷ്മി നായര്‍ പ്രവര്‍ത്തിക്കില്ല. മാനേജ്‌മെന്റ് ഈ ഉറപ്പ് ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും കാരാറില്‍ വ്യവസ്ഥ ചെയ്യുന്നു. ലോ അക്കാദമി ഡയറക്ടര്‍ ഡോ. നാരായണന്‍ നായര്‍, ഗവേണിങ് കൗണ്‍സില്‍ പ്രതിനിധികള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. വിദ്യാര്‍ത്ഥികളെ ഒറ്റി ഇടയ്‌ക്ക് സമരത്തില്‍ നിന്നു പിന്മാറിയ എസ്എഫ്‌ഐ പ്രതിനിധികളും കരാറില്‍ ഒപ്പുവച്ചു. പുതിയ കരാര്‍ നിലവില്‍ വന്നതോടെ സമരത്തില്‍ നിന്ന് പിന്മാറുന്നതിന് മാനേജ്‌മെന്റുമായി എസ്എഫ്‌ഐ മുന്‍പ് ഒപ്പുവച്ച കരാര്‍ അസാധുവായി.
വിദ്യാര്‍ത്ഥി പ്രതിനിധികളുമായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അനൗദ്യോഗിക ചര്‍ച്ച നടത്തി. ഇതിനു ശേഷമാണ് വിദ്യാഭ്യാസ മന്ത്രിക്കു മുന്നിലെത്തിയത്. പ്രന്‍സിപ്പാളിനെ നീക്കിയെന്ന് അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ അറിയിച്ചെങ്കിലും രേഖാമൂലം കരാര്‍ ഉണ്ടാക്കണമെന്ന് എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥിപ്രതിനിധികള്‍ ശഠിച്ചതോടെയാണ് കരാര്‍ ഉണ്ടാക്കി ഒപ്പുവയ്‌ക്കാന്‍ മാനേജുമെന്റ് തയാറായത്.
കഴിഞ്ഞ 29 ദിവസമായി ലോ അക്കാദമിക്ക് മുന്നില്‍ നടന്നു വന്ന വിദ്യാര്‍ത്ഥികളുടെ സമരവും ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, കെ. മുരളീധരന്‍ എംഎല്‍എ എന്നിവര്‍ നടത്തിവന്ന നിരാഹാര സത്യഗ്രഹവും അവസാനിപ്പിച്ചു. സമരം പരാജയപ്പെടുത്താന്‍ സിപിഎം നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്‌ക്ക് സര്‍ക്കാര്‍ വീണ്ടും തയാറായത്.
എബിവിപിയും ബിജെപിയുമായിരുന്നു സമരത്തിന്റെ ദിശ മാറ്റിയത്. ലക്ഷ്മി നായരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എബിവിപി അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ നിരാഹാര സമരവും തുടങ്ങി. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ സമരവുമായി മുന്നോട്ട് വന്നത് സിപിഎം ഒഴികെയുള്ള രാഷ്‌ട്രിയ പാര്‍ട്ടികളെയും സമര വേദിയിലെത്തിച്ചു. എബിവിപിക്കൊപ്പം കെഎസ്‌യു, എംഎസ്എഫ്, എഐഎസ്എഫ് സംഘടനകളുമെത്തി.
എഐവൈഎഫും എത്തിയതോടെ സിപിഐ നേതൃത്വവും സമരത്തിന് അനുകൂലമായി. ഇത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. സമരം സംഘര്‍ഷങ്ങളിലേക്കും പോലീസ് അതിക്രമങ്ങളിലേക്കും നീങ്ങിയതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയാറായത്.
















