ഇടുക്കി: കോട്ടയം മറ്റക്കര ടോംസ് കോളേജിന് 2014ല്‍ എം.ജി സര്‍വ്വകലാശാല അഫിലിയേഷന്‍ നല്‍കിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്ന ‘ജന്മഭൂമി’റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി വൈസ് ചാന്‍സിലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ അറിയിച്ചു. സിന്‍ഡിക്കേറ്റ് അംഗമായിരുന്ന ഫാ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴിക്കെതിരെയാണ് അന്വേഷണം.
അഫിലിയേഷനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നത്. അഫിലിയേഷന്‍ സംബന്ധിച്ച ഫയലുകള്‍ ശേഖരിച്ച് വരികയാണ്. ക്രമക്കേടിന്റെ സ്വഭാവം പരിഗണിച്ച് ആവശ്യമെങ്കില്‍ കേസ് വിജിലന്‍സിന് കൈമാറുന്നതടക്കമുള്ള നടപടികളിലേക്കു പോകുമെന്നും വി.സി പറഞ്ഞു. ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ടോംസ് കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കിയത് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലാണ്.
ഇക്കാരണത്താല്‍ത്തന്നെ അടിസ്ഥാന സൗകര്യമില്ലാത്ത കോളേജിന് സൗകര്യങ്ങളുണ്ടെന്ന് സര്‍വ്വകലാശാലയെ തെറ്റിദ്ധരിപ്പിച്ച സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെയുള്ള നടപടി വേഗത്തിലാക്കേണ്ടത് അനിവാര്യമാണ്.
















