തിരുവനന്തപുരം: സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് പാര്‍പ്പിടം നല്‍കുന്ന സമഗ്ര പാര്‍പ്പിട പദ്ധതി (ലൈഫ് മിഷന്‍)യുടെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സര്‍വ്വേ 18ന് തുടങ്ങും. പതിമൂന്നാം പദ്ധതിക്ക് നീക്കിവച്ചതില്‍ നിന്ന് മൂന്നു കോടി രൂപയാകും ലൈഫ് മിഷന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുക.
പദ്ധതിക്കാവശ്യമായ 16,520 കോടി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്‌പയെടുക്കും. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന ചുമതല കുടുംബശ്രീക്കാണ്. 13ന് കുടുംബശ്രീക്കാര്‍ക്ക് ജില്ലാതല പരിശീലനം.15, 16 തീയതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതല പരിശീലനം. 18,19 തീയതികളില്‍ സര്‍വേ. 28ന് ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കും. മാര്‍ച്ച് 4ന് ഗുണഭോക്താക്കളുടെ ആദ്യ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മാര്‍ച്ച് 13ന് കരട് ലിസ്റ്റിന്മേലുള്ള ആദ്യ അപ്പീലുകള്‍ സ്വീകരിച്ച് 20ന് അവ പരിഹരിച്ച് രണ്ടാം കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. രണ്ടാം കരട് ലിസ്റ്റില്‍ പരാതിയുണ്ടെങ്കില്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 30 ആണ്.
അപ്പീലുകള്‍ പരിഹരിച്ച് അന്തിമ ലിസ്റ്റ് ഏപ്രില്‍ 10 ന് പ്രസിദ്ധീകരിക്കും. 350 മുതല്‍ 600 ചതുരശ്ര അടി വരെയാണ് പാര്‍പ്പിട പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള വിസ്തീര്‍ണം. ഗുണഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള പ്ലാനുകള്‍ തെരഞ്ഞെടുക്കാം. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ആറ് സ്ഥലങ്ങളിലായി അറുനൂറ് പേര്‍ക്ക് ഭവന സമുച്ചയം നിര്‍മ്മിക്കും. ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ വിവരവ്യാപനത്തിനായി വെബ്‌സൈറ്റും (www.lifemissionlsgkerala.gov.in) തുടങ്ങിയിട്ടുണ്ട്.
















