കൊച്ചി: സംസ്ഥാനത്തെ കാവും കുളവും സംരക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ഈവര്‍ഷവും പാഴാകുമെന്ന് ആശങ്ക. ഈ വര്‍ഷം, ഇന്നുവരെ, കാവ്-കുളം സംരക്ഷണത്തിന് സംസ്ഥാനം സഹായ വിതരണം നടത്തിയിട്ടില്ല, അപേക്ഷ പോലും സ്വീകരിച്ചിട്ടില്ല. മുന്‍വര്‍ഷത്തെ ഫണ്ട് വേണ്ടതരത്തില്‍ വിനിയോഗിച്ചിട്ടുമില്ല.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ യോഗത്തില്‍ ഇക്കാര്യം ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പാഴാക്കുന്നെന്ന വിഷയം വിവാദമായപ്പോള്‍ ധൃതിപിടിച്ച് നടപടികള്‍ ആരംഭിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 50 ദിവസം മാത്രം ശേഷിക്കെ, നടപടികള്‍ നേരാം വണ്ണമാകുമോ എന്നാണ് ആശങ്ക.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് കാവ്-കുളം സംരക്ഷ പദ്ധതി സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടുള്ളത്. പഞ്ചായത്ത്, വനം, ദേവസ്വം വകുപ്പുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. വര്‍ഷങ്ങളായി കേന്ദ്രം അനുവദിക്കുന്ന പണമാണ് വിനിയോഗിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അനുവദിച്ച ഫണ്ട് വേണ്ടരീതിയില്‍ വിനിയോഗിച്ചില്ല. പദ്ധതി നടത്തിപ്പിന് വനം വകുപ്പിന്റെ ഭാഗമായ ബയോ ഡൈവേഴ്‌സിറ്റി സെല്ലായിരുന്നു മുമ്പ് മുഖ്യ ഏജന്‍സി. ഇപ്പോള്‍ അതു മാറ്റി.
ഫെബ്രുവരി ആദ്യവാരം ദേവസ്വം സെക്രട്ടറി ഇറക്കിയ സര്‍ക്കുലറില്‍ അടിയന്തരമായി കാവ്-കുളം സര്‍വേ നടത്തി ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. പദ്ധതിയും എസ്റ്റിമേറ്റും അടക്കമുള്ള മുഴുവന്‍ നടപടിക്രമങ്ങളും പഞ്ചായത്ത് മേല്‍നോട്ടത്തില്‍ തയ്യാറാക്കാനാണ് നിര്‍ദ്ദേശം. മാര്‍ച്ച് അവസാനത്തിനു മുമ്പ് അപേക്ഷകള്‍ സ്വീകരിച്ച് പണം അനുവദിക്കാനാണ് ധൃതിപിടിച്ചുള്ള നീക്കം. ഇത് പദ്ധതി ലക്ഷ്യം എത്രത്തോളം ഫലം കാണാന്‍ സഹായിക്കുമെന്ന് കണ്ടറിയണം. ഇടതുപക്ഷ സര്‍ക്കാരിന്റെ മനപ്പൂര്‍വമുള്ള അനാസ്ഥയാണിതെന്ന് ആക്ഷേപമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനു സഹായകമാകുന്ന പദ്ധതി മറ്റു ചില പരിഗണനകളുടെ പേരില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുമ്പും ഇടതുപക്ഷ സര്‍ക്കാര്‍ മുടക്കി
കെ.പി. വിശ്വനാഥന്‍ വനം മന്ത്രിയായിരുന്ന കാലത്താണ് (1993) ആദ്യമായി ഈ പദ്ധതി ആവിഷ്‌കരിച്ചത്. പരിസ്ഥിതി പഠനത്തില്‍ ഡോക്ടറേറ്റ് നേടിയ, പില്‍ക്കാലത്ത് വനംവകുപ്പില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായി വിരമിച്ച എന്‍. സി. ഇന്ദുചൂഡന്‍ നല്‍കിയ ശുപാര്‍ശയിലായിരുന്നു തീരുമാനം.
പിന്നീട് വന്ന നായനാര്‍ സര്‍ക്കാര്‍ പദ്ധതി റദ്ദാക്കി. ക്ഷേത്രങ്ങള്‍ക്കാണ് ഇതിന്റെ നേട്ടം കിട്ടുകയെന്നതാണ് കാരണം പറഞ്ഞത്. പിന്നീട് വന്ന യുഡിഎഫ് വീണ്ടും നടപ്പാക്കി. പിന്നെ മുടങ്ങിയിട്ടില്ല.















